ജഗയും കല്യായും ശസ്ത്രക്രിയക്ക് മുമ്പും ശേഷവും
ന്യൂദല്‍ഹി: ഒഡീഷയില്‍ നിന്നുള്ള 28 മാസം പ്രായമുള്ള ഇരട്ടകളുടെ ഒട്ടിച്ചേര്‍ന്ന തല വേര്‍പെടുത്തി എയിംസ് കുറിച്ചത് ചരിത്ര മുഹൂര്‍ത്തം. ജന്മനാ തലകള്‍ ഒട്ടിച്ചേര്‍ന്ന ഇരട്ട കുട്ടികളായ ജഗ്ഗയേയും കലിയയേയും 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ഒടുവിലാണ് വേര്‍പ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ വെന്റിലേറ്ററിലാണെന്നും ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇനിയുള്ള 18 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇതില്‍ ജഗ എന്ന കുട്ടിയുടെ നില ഗുരുതരമാണ്. നാളിതുവരെ ചെയ്യാത്ത ശസ്ത്രക്രിയയാണ് നടത്തിയത്. അതിന്റെ ഓരോ ഘട്ടവും ആശങ്കാജനകമായിരുന്നു. മൂന്നര ലിറ്റര്‍ രക്തം ശസ്ത്രക്രിയക്കിടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍നിന്ന് നഷ്ടമായി. ഇപ്പോള്‍ രക്തം നല്‍കി വരികയാണെന്ന് എയിംസ് ന്യൂറോവിഭാഗം തലവന്‍ എ കെ മഹാപത്ര പറഞ്ഞു.
ബുധനാഴ്ച രാവിലെ തുടങ്ങിയ ശസ്ത്രക്രിയ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച രാത്രി 8.45ഓടെയാണ് കുട്ടികളുടെ ഒട്ടിച്ചേര്‍ന്ന തല വേര്‍പെടുത്തിയത്. ഒരു കുട്ടിയെ രാത്രി പതിനൊന്നരയോടെയും രണ്ടാമത്തെ കുട്ടിയെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുമാണ് ശസ്ത്രക്രിയക്കുശേഷം ഐസിയുവിലേക്ക് മാറ്റിയത്. ഒഡിഷയിലെ കന്ധമാല്‍ ജില്ലയിലെ പിരിങ്കിയ ബ്‌ളോക്കിലെ മിലിപഡ ഗ്രാമത്തിലാണ് കുട്ടികള്‍ ജനിച്ചത്.
















