ന്യൂദല്‍ഹി: കെപിസിസി പട്ടിക തയ്യാറാക്കിയ കോണ്‍ഗ്രസ് നേതൃത്വം എഐസിസി വൈസ്പ്രസിഡന്റ് രാഹുലിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു. ഗ്രൂപ്പിനതീതമായി പട്ടിക തയ്യാറാക്കണമെന്ന നിര്‍ദ്ദേശം കേരളാ നേതൃത്വം പരിഗണിച്ചതേയില്ല.
ഗ്രൂപ്പുതിരിച്ച് അംഗങ്ങളെ കുത്തിനിറച്ച പട്ടിക അംഗീകരിക്കാനാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിനെതിരെ രാഹുല്‍ രൂക്ഷവിര്‍ശനമുന്നയിച്ചു. മൂന്നാം തവണ പുതുക്കി നല്‍കിയ പട്ടികയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായത്.
ഓരോരുത്തരും അവരവരുടെ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ എതിര്‍ ഗ്രൂപ്പിലുള്ളവരെ വെട്ടുന്നു. ഇത് അംഗീകരിക്കാനാകില്ല. പുതിയ പട്ടികയിലും ഗ്രൂപ്പിസത്തിന്റെ കടന്നുകയറ്റമാണുള്ളത്. എഐസിസി നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തിയാണ് ആദ്യം പട്ടിക നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിനതീതമായി അര്‍ഹരായവരെ ഉള്‍പ്പെടുത്തി പട്ടികയില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള നേതാക്കളുടെയും എംപിമാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് രാഹുലിന്റെ ഇടപെടല്‍. പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എ, ഐ ഗ്രൂപ്പുകള്‍ കൃത്യമായി വീതംവെച്ച് നല്‍കിയ ആദ്യ പട്ടികക്കെതിരെ എംപിമാരായ കെ.വി. തോമസ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എംഎല്‍എ, മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍ തുടങ്ങിയവര്‍ പരാതി ഉന്നയിച്ചു. വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന എഐസിസി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായും വ്യക്തമായി.
തുടര്‍ന്ന് മുപ്പതോളം പേരെ ഒഴിവാക്കി രണ്ട് തവണ പട്ടിക പുതുക്കി. ഇതിനെതിരെ എംപിമാരും സുധീരനും ദല്‍ഹിയുടെ ചുമതലയുള്ള പി.സി. ചാക്കോയും രംഗത്തെത്തിയതോടെ പട്ടിക വീണ്ടും അനിശ്ചിതത്വത്തിലായി.
പ്രായം മുതലെടുത്ത് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയെന്നാണ് പ്രധാന പരാതി. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം അംഗങ്ങളുടെ പട്ടികയ്‌ക്ക് ഹൈക്കമാന്റിന്റെ അംഗീകാരം ലഭിച്ചു.
ഒക്ടോബര്‍ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തി അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. രാഹുല്‍ അധ്യക്ഷനാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പരസ്യമായി വെളിപ്പെടുത്തി. കേരളത്തിന്റെ പ്രാതിനിധ്യമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രയോജനമില്ല.
















