തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള അനിഷ്ടം വെളിപ്പെടുത്തി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കലക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി നേരിട്ട് ആക്രോശിച്ച് ഇറക്കിവിട്ടില്ലന്നുമാത്രം.
യോഗം നടക്കുന്ന തൈക്കാട് അതിഥി മന്ദിരത്തിലെ ഹാളിനുള്ളില്‍ പ്രവേശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകര്‍ വന്നത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങി. സാധാരണ ഇത്തരം യോഗങ്ങളില്‍ മുഖ്യമന്ത്രി എത്തിക്കഴിയുമ്പോള്‍ ചിത്രമെടുക്കാന്‍ അവസരം നല്‍കും. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കും. ഇന്നലെ മുഖ്യമന്ത്രി വരും മുന്‍പേ ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും തുടക്കത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പുനല്‍കുന്ന ജനപക്ഷ തീരുമാനങ്ങള്‍ക്കാണ് വകുപ്പുതലവന്‍മാരും കലക്ടര്‍മാരും മുന്‍ഗണന നല്‍കേണ്ടതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നവകേരളം എന്ന ലക്ഷ്യം ആലങ്കാരികമല്ല. കേരളത്തെ പുതുക്കിപ്പണിയാനുളള പദ്ധതിയാണ് നടപ്പാക്കുന്നത്. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുളള നാലു മിഷനുകളുടെ പരിപാടികളും കിഫ്ബി ധനസഹായത്തോടെയുളള വലിയ പദ്ധതികളും നടപ്പാക്കിയാല്‍ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
ജനപങ്കാളിത്തത്തോടെയാണ് ഈ പരിപാടികള്‍ നടപ്പാക്കേണ്ടത്. കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാനും അവ കൃത്യമായി നടപ്പാക്കാനും കഴിയണം. കേന്ദ്രം ഭരിക്കുന്നവരുമായുളള രാഷ്‌ട്രീയ വ്യത്യാസം അതിന് തടസ്സമല്ല – മുഖ്യമന്ത്രി പറഞ്ഞു.
















