കോഴിക്കോട്: ഭൂപരിഷ്‌കരണ നിയമം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ലംഘിച്ചതായി പരാതി. നിയമപ്രകാരം ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്‌ക്കാവുന്ന ഭൂമിയുടെ പതിന്‍മടങ്ങ് അന്‍വര്‍ കൈവശം വച്ച് അനുഭവിച്ചു വരുന്നതായാണ് ആരോപണം. നിയമം ലംഘിച്ച എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും വിവരാവകാശ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ പരാതി നല്‍കി.
ഒരു കുടുംബത്തിന് പരാമവധി കൈവശം വെയ്‌ക്കാവുന്ന ഭൂമി 15 ഏക്കറാണ്. എന്നാല്‍ 207.84 ഏക്കര്‍ ഭൂമി തന്റെ കൈവശമുണ്ടെന്ന് എംഎല്‍എ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് 2016 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. കെ.വി. ഷാജി, മനോജ് കേദാരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്‍വറിന് കാര്‍ഷികേതര ഭൂമിയായി 202.99 ഏക്കറും കാര്‍ഷികഭൂമിയായി 1.40 ഏക്കറും ഭാര്യയുടെ പേരില്‍ 3.45 ഏക്കര്‍ കാര്‍ഷിക ഭൂമിയുമാണുള്ളത്.
അന്‍വറിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ അഫ്‌സത്ത്, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍തീം പാര്‍ക്കില്‍ അന്‍വറിന്റെ പാര്‍ട്ട്ണര്‍ കൂടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും രണ്ടാം ഭാര്യയായ അഫ്‌സത്തിന്റെയോ അവരുടെ ബന്ധുക്കളുടേയോ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവച്ചിരിക്കുകയാണെന്നും വിവരാവകാശ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
















