വടകര: സംസ്ഥാനത്തൊട്ടുക്കും ആളില്ലാത്ത വീട് കണ്ടെത്തി കവര്‍ച്ച നടത്തുന്ന സംഘത്തലവന്‍ വടകരയില്‍ അറസ്റ്റില്‍. പയ്യോളി കോട്ടക്കല്‍ ബീച്ചിലെ താരേമ്മല്‍ ഖദീജാ മാന്‍സില്‍ ഫിറോസ്(37)നെയാണ് വടകര സിഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
ഭവന ഭേദനം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടിയിലാത്. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ നാലോളം കവര്‍ച്ച കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
വടകര പുതുപ്പണം ശാരദാ നിവാസില്‍ അനിതയുടെ വീട് കുത്തിത്തുറന്ന് എല്‍ഇഡി ടിവി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും കൊയിലാണ്ടിയിലെ ഫോര്‍ജി വേള്‍ഡ്, തൊട്ടടുത്ത മറ്റൊരു മൊബൈല്‍ കട എന്നിവ കുത്തി തുറന്ന് പതിനൊന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും പേരാമ്പ്ര കടിയങ്ങാടുള്ള വീട് കുത്തി തുറന്ന് പതിനാലേ കാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും പ്രതിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കവര്‍ച്ച നടത്തി. കൂട്ടു പ്രതികളായ നാലു പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വടകര വീരവഞ്ചേരിയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മോഷ്ടിച്ചതും ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു.
മയക്ക് മരുന്ന് കടത്ത് കേസിലും പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച വാഹനങ്ങള്‍ മയക്കു മരുന്ന് കച്ചവടത്തിന് ഉപയോഗിക്കുകയാണ് പതിവ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നൂറോളം കേസ്സുകള്‍ ഫിറോസിന്റെ പേരില്‍ നിലവിലുണ്ട.് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. റൂറല്‍ എസ്പി എം.കെ. പുഷ്‌കരന്റെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ മാരായ സി.എച്ച്. ഗംഗാധരന്‍, ബാബുരാജ്, സീനിയര്‍ സി.പി.ഒ മാരായ കെ.പി.രാജീവന്‍, കെ.യൂസഫ്, വി.വി.ഷാജി, വി.കെ. പ്രദീപന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
















