ബംഗളൂരു: മുദ്രപത്ര വിവാദവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അബ്ദുള്‍ കരീം തെല്‍ഗി അന്തരിച്ചു. വിക്ടോറിയ ആശുപത്രിയിലെ ട്രൂമ കെയര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം 3.55നായിരുന്നു മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
56 വയസ്സുള്ള തെല്‍ഗി പത്ത് ദിവസമായി വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് കേസുകളില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അബ്ദുള്‍ കരീം തെല്‍ഗി. ഇന്ത്യമൊത്തം വ്യാപിച്ച മുദ്രപത്ര വിവാദത്തിലെ പ്രധാന പ്രതിയായ സെല്‍ഗിയുടെ ജീവിതം ബിഗ് സ്‌ക്രീനില്‍ എത്തുകയും ചെയ്തിരുന്നു.
2005ലാണ് മുദ്രപത്ര കുംഭകോണ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. സിബിഐ അഴിമതിവിരുദ്ധ വിഭാഗം ഗുഡ്‌ഷെഡ് റോഡിലെ ജനതാ പ്രസില്‍ നിന്ന് 1.51 കോടി രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മ്മിച്ച് കോടികള്‍ തട്ടിയെടുത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി തെല്‍ഗിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ തെരച്ചിലില്‍ 25 കോടിയിലധികം രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാഷ്‌ട്രയിലാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ ആദ്യം കണ്ടെടുത്തിരുന്നത്.
















