ബി.പ്രമോദ് കുമാര്‍
പുനലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളല്‍ വിലക്കുകള്‍ ലംഘിച്ച് കോഴിപ്പോര് ശക്തമായി തുടരുന്നു. തമിഴ്‌നാട്ടില്‍ കാളപ്പോരിനൊപ്പം കോഴിപ്പോരും നിരോധിച്ചിരുന്നു. തെങ്കാശി, പൊള്ളാച്ചി, അളകനല്ലര്‍ ഭാഗങ്ങളിലാണ് കോഴിപ്പോര് നടക്കുന്നത്.
പ്രത്യേകമായി പരിശീലനം നല്‍കിയ അങ്ക കോഴികളെയാണ് മത്സരത്തിന് ഇറക്കുന്നത്. ചെറുപ്രായത്തില്‍ പരിശീലനം നല്‍കുന്ന കോഴികള്‍ക്ക് കൂടുതല്‍ മാംസാഹാരം നല്‍കി വളര്‍ത്തും. കോഴിയുടെ ആരോഗ്യസ്ഥിതി നോക്കിയാണ് കോഴികളെ മത്സരത്തിനായി തരം തിരിക്കുന്നത്.
മുമ്പ് പരിശീലനം ഉയരത്തില്‍ പറന്ന് കൊത്തി തോല്‍പ്പിക്കുക എന്നത് മാത്രമായിരുന്നു. എങ്കില്‍ ഇപ്പോള്‍ മത്സരഗതി മാറി, ഇന്ന് അങ്ക കോഴികളുടെ കാലില്‍ മൂര്‍ച്ചയേറിയ വളഞ്ഞ കത്തികളും മറ്റും ഘടിപ്പിച്ച് കോഴിക് മദ്യവും മറ്റും നല്‍കിയാണ് ഗോദയില്‍ ഇറക്കുക.
മത്സരത്തിന് വീര്യം കൂട്ടാന്‍ വാതുവയ്‌പ് സംഘങ്ങള്‍ ആയിരക്കണക്കിന് രൂപയാണ് കളത്തില്‍ ഇറക്കുന്നത്. നിരോധനം നിലനില്‍ക്കുമ്പോഴും മത്സരം വീക്ഷിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തുക. മറ്റ് കോഴികളില്‍ നിന്നും വ്യത്യസ്തമായി ഏറെ നീളവും ഒത്ത ശരീരവുമുള്ള അങ്ക കോഴിക്ക് ആയിരങ്ങളാണ് വില.
ഒരു വര്‍ഷം പ്രായമായ കോഴിയെ മാത്രമെ മത്സരത്തിന് ഇറക്കുകയുള്ളു. മുന്‍പ് തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധമായിട്ടാണ് കോഴിപ്പോര് നടത്തിയിരുന്നത്. എന്നാല്‍ വാതുവയ്‌പുകാരും മത്സരക്കോഴികളുടെ ഉടമകളും ഏറിയതോടെ കാല വ്യത്യാസം കൂടാതെ തമിഴ് ഗ്രാമങ്ങളില്‍ പോര്‍ക്കളങ്ങളൂം അങ്ക കോഴികളും തയ്യാറെട്ടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇനി അതിര്‍ത്തിയില്‍ അങ്കപ്പോര് മുറുകും.
















