കാക്കനാട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപകരമായ ചിത്രങ്ങളും പരാമര്‍ശങ്ങളും നടത്തിയ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതാവിനെ സസ്പെന്‍ഡ് ചെയ്തു. കൊച്ചിയിലെ ജി.എസ്.ടി ഓഫീസിലെ ജീവനക്കാരനും അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി. ഗ്യാനേഷ് കുമാറിനെയാണ് സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും ചിത്രങ്ങള്‍ സഹിതം അസോസിയേഷന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെ ആരോപണം. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലക്ക് ഇയാള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്ന ചിത്രം അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഗ്യാനേഷ് നേതൃത്വത്തോട് വിശദീകരിച്ചത്. എന്നാല്‍ അപകീര്‍ത്തികരമായ ചിത്രങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയേറ്റ് മെംബര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.
















