കൊടകര: നിവേദ്യമെന്ന് പേരിട്ടിരിക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഇല്ലത്തേക്ക് ഇന്നലെ രാവിലെ മുതല്‍ അതിഥികളുടെ പ്രവാഹമായിരുന്നു. നിയുക്ത മേല്‍ശാന്തിയുടേയും കുടുംബാംഗങ്ങളുടേയും മൊബൈലുകള്‍ക്കും വീട്ടിലെ ലാന്റ് ഫോണിനും ഇന്നലെ വിശ്രമമുണ്ടായിരുന്നില്ല.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ , ശ്രീശ്രീ രവിശങ്കര്‍, ശബരിമല തന്ത്രി രാജീവ് കണ്ഠരര്, എംഎല്‍എ ബി.ഡി. ദേവസി, പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ തുടങ്ങി മത-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഫോണിലൂടെയും നേരിട്ടെത്തിയും ആശംസകള്‍ നേര്‍ന്നു.
57 കാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രി പരേതനായ വിഷ്ണുനമ്പൂതിരിയുടേയും വടക്കേടത്ത് താമരപ്പിള്ളി കുടുംബാംഗം പരേതയായ ആര്യാദേവി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ പ്രസന്ന അന്തര്‍ജനം ചേലാമറ്റം കപ്ലിങ്ങാട്ട് കുടുംബാംഗം. എം.യു. വിഷ്ണു നമ്പൂതിരി, ഡോ. വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മക്കള്‍.
40 വര്‍ഷത്തിലധികമായി താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്നു. ഇപ്പോള്‍ അഴകം ദുര്‍ഗാദേവി ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയുമാണ്. വല്ലപ്പാടി കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുത്തുക്കാവ് ദേവീക്ഷേത്രം, മട്ടന്നൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ തന്ത്രിയായും മേല്‍ശാന്തിയായും പ്രവര്‍ത്തിച്ചു.
17 വര്‍ഷം എറണാകുളം എളമക്കര പേരണ്ടൂര്‍ ഭഗവതിക്ഷേത്ര മേല്‍ശാന്തിയായിരുന്നു. 80കളിലെ അവസാനം ദല്‍ഹി ആര്‍.കെ. പുരം അയ്യപ്പക്ഷേത്രത്തില്‍ കീഴ്ശാന്തിയായി.
















