സന്നിധാനം: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തര്‍ക്ക് ദര്‍ശനം നടത്തി പെട്ടെന്ന് തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടാകേണ്ടത്. ശബരിമല മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വികസനപദ്ധതികളുടെ ഭാഗമായുള്ള രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ നിര്‍വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലെക്സ്, ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണി എന്നിവയുടെ തറക്കല്ലിടലാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
സന്നിധാനത്ത് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന് സംബന്ധിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, ജി സുധാകരന്, കെ രാജു, മാത്യു ടി തോമസ്, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നാണ് അവലോകനയോഗം ചേര്‍ന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സന്നിധാനത്ത് അവലോകന യോഗം നടന്നത്.
യോഗത്തില്‍ റവന്യൂ, ജലവിഭവം, ദേവസ്വം, വനം, പൊതുമരാമത്ത് മന്ത്രിമാര്‍ സംബന്ധിച്ചു. മാലിന്യ സംസ്കരണ പ്ലാന്റ്, ഇടത്താവളങ്ങള്‍ നന്നാക്കല്‍, കുടിവെള്ളം, അരവണ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പോലീസ്, വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പമ്പയില്‍ സ്നാനഘട്ടത്തിന്റെ നവീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകീട്ട് അഞ്ചുമണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കും.
















