തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്നില്‍ ജനതാദള്‍(യു)വില്‍നിന്നു വിജയിച്ച മനോജ് മാധവശേരില്‍, വാര്‍ഡ് നാലില്‍ കേരള കോണ്‍ഗ്രസ്(എം)ല്‍നിന്നു വിജയിച്ച രമ ഭാസ്‌കര്‍, വാര്‍ഡ് ഒമ്പതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍നിന്നു വിജയിച്ച പി.എ. നാരായണന്‍ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി.
കൂറുമാറ്റ നിരോധന നിയമപ്രകാരം നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും 2017 ഒക്‌ടോബര്‍ 13 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മനോജ് മാധവശേരില്‍, രമ ഭാസ്‌കര്‍, പി.എ. നാരായണന്‍ എന്നിവര്‍ യുഡിഎഫില്‍നിന്ന് വിജയിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ട് എല്‍ഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മനോജ് മാധവശേരില്‍ എല്‍ഡിഎഫുമായി സഹകരിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) അംഗം രമാ ഭാസ്‌കര്‍, മനോജ് മാധവശേരിലിനെ അനുകൂലിക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം പി. എ. നാരായണന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
















