കൊട്ടിയൂര്‍: തവിഞ്ഞാലില്‍ സ്ഥാപിക്കാനുദ്ദേശിച്ച ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ കടലാസിലൊതുങ്ങുന്നു. ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമാണെന്ന് ആരോപണം. കണ്ണൂര്‍, വയനാട് ജില്ലകളുടെയും മലബാര്‍ മേഖലകളുടെയും ആരോഗ്യ പരിപാലന രംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കുമായിരുന്ന പദ്ധതിയാണ് ഇത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ യൂണിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ 300 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്തിരുന്നത്.
ഇതിനായി വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് തവിഞ്ഞാല്‍ പഞ്ചായത്തില്‍പെട്ട തലപ്പുഴ ബോയിസ് ടൗണില്‍ 75 ഏക്കര്‍ സ്ഥലം സ്വകാര്യ എസ്റ്റേറ്റില്‍ നിന്നും വിലക്കുവാങ്ങിയിരുന്നു യുഡിഎഫ് സര്‍ക്കാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി 50 കോടി രൂപയും നീക്കിവെച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്താണ് ഏറ്റവും അടുത്ത പ്രദേശം. കൊട്ടിയൂര്‍ ബോയിസ് ടൗണ്‍ ചുരം കയറിയാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തെത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ സെന്റര്‍ യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് സഹായകരമാകും.
കേന്ദ്രപദ്ധതി നടപ്പിലാക്കാന്‍ ആസമയത്ത് യുഡിഎഫ് സര്‍ക്കാരും വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല. ഏറെ മുറവിളിക്ക് ശേഷം പദ്ധതിക്കായി സ്ഥലം കണ്ടെത്തി ഏറ്റെടുക്കല്‍ കഴിഞ്ഞതോടെ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുകയും ചെയ്തു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം മോദി സര്‍ക്കാരില്‍ ഉന്നയിക്കാത്തതുമൂലമാണ് പദ്ധതി പാതിവഴിക്ക് നിലച്ചത്. അതിനിടയിലാണ് ഏറ്റെടുത്ത പ്രദേശം പരിസ്ഥിതിലോല പ്രദേശമാണെന്ന് കണ്ടെത്തുന്നത്.
പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരാകട്ടെ ഈ പദ്ധതിയോട് കൂടുതല്‍ താല്‍പര്യപ്പെട്ടതുമില്ല. മലബാറില്‍നിന്നും അഞ്ഞൂറുകിലോമീറ്ററോളം യാത്രചെയ്താണ് ഇന്ന് പലരും തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ എത്തുന്നത്. സബ് സെന്റര്‍ യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂര്‍, കാസര്‍കോട് പ്രദേശത്തുകാര്‍ക്ക് ഏറെ അനുഗ്രഹമാകും.
















