കൊട്ടാരക്കര: കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരാണെന്ന ദുഷ്‌പേര് മാറ്റാന്‍ മലയാളികള്‍ പരിശ്രമിക്കണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി ആയിരുന്നപ്പോള്‍ പോലും സെഡ് പ്ലസ് സുരക്ഷ ഉപയോഗിക്കാത്ത തന്നോട് കേരളത്തിലേക്ക് പോകുമ്പോള്‍ സുരക്ഷ കൂട്ടണമെന്ന് പലരും ഉപദേശിച്ചു. ഇതാണ് മറ്റിടങ്ങളില്‍ കേരളത്തിനുള്ള പ്രതിഛായ. കേരളം അക്രമികളുടെയും കൊലപാതകികളുടെ നാടാണെന്നാണ് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അറിയുന്നത്. ഇവിടെ നിരന്തരമായി നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളാണ് ഇതിനു കാരണം. ഇത് മാറണം. ഭീതിയുടെ അന്തരീക്ഷം മാറ്റി സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സാംസ്‌കാരിക ഔന്നത്യം ഉള്ള മലയാളികള്‍ സിപിഎം നടത്തുന്ന അക്രമ രാഷ്‌ട്രീയത്തെ തള്ളിപ്പറയണം. മാറ്റത്തിന്റെ സന്ദേശ വാഹകരാകാന്‍ എല്ലാവരും തയ്യാറാകണം.
ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള ഇന്ത്യാക്കാര്‍ ഇത് സമ്മതിക്കുന്നുണ്ട്. ഇന്ത്യാക്കാരാണെന്ന് പറയാന്‍ എല്ലാവര്‍ക്കും ഇന്ന് അഭിമാനമാണ്. ലോകം ഇന്ത്യയെയാണ് നോക്കുന്നത്. ലോകത്തിനുതന്നെ നേതൃത്വം നല്‍കാനുള്ള ശേഷി ഇന്ന് ഭാരതത്തിനുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് എല്ലാമേഖലയിലും വലിയ വികസനക്കുതിപ്പാണുണ്ടോകുന്നത്. പ്രതിരോധരംഗത്ത് നമ്മള്‍ വലിയശേഷി കൈവരിച്ചു.
സാമ്പത്തികരംഗത്തും കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങി എല്ലാ മേഖലകളിലും നമുക്കു മുന്നേറാനായി. കേരളത്തിലെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ വികസനമുന്നേറ്റം മനസ്സിലാക്കി ബിജെപിയിലേക്കു വരണം. വികസനമുന്നേറ്റമുണ്ടാകാന്‍ അക്രമത്തിന്റെ പാതവെടിഞ്ഞ് സമാധാനത്തിലൂടെ സഞ്ചരിക്കണമെന്നും പരീക്കര്‍ പറഞ്ഞു.
പ്രവര്‍ത്തകരുടെ ത്യാഗവും ബലിദാനവുമാണ് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് അടിസ്ഥാനം. പ്രവര്‍ത്തകരുടെ ത്യാഗം പാഴാവില്ല. സിപിഎമ്മിന്റെ അക്രമ മുഖത്തെ തുറന്നു കാണിക്കുന്ന കേരത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഹിളാമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ വിജയ രഹാത്കര്‍, കുമ്മനം രാജശേഖരന്‍, ബിജെപി നേതാക്കളായ വി മുരളീധരന്‍, എം ടി രമേശ്, ബി ഗോപാലകൃഷ്ണന്‍, സി ശിവന്‍കുട്ടി, വി കെ സജീവന്‍, എം എസ് കുമാര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് പി ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
















