കൊല്ലം: സമീപകാലത്ത് കൊല്ലം നഗരം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രചരണ സന്ദേശയാത്രയാണ് ഇന്നലെ നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര കൊല്ലം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമാക്കി. ചന്ദനത്തോപ്പില്‍ നിന്നാരംഭിച്ച പദയാത്രയില്‍ മുന്‍രാജ്യ രക്ഷാമന്ത്രിയും ഗോവാമുഖ്യമന്ത്രിയുമായ മനോഹര്‍പരീക്കര്‍ കുമ്മനത്തിനൊപ്പം നടന്നു. ഒന്‍പത് കിലോമീറ്റര്‍ പദയാത്ര ഒരു പോയിന്റ് കടക്കാന്‍ ഒന്നരമണിക്കൂറെടുത്തു.
സ്ത്രീകളും മുതിര്‍ന്നവരുമടക്കം വന്‍ജനാവലിയാണ് പദയാത്രയില്‍ അണിചേര്‍ന്നത്. മുന്‍ നിരയില്‍ യാത്രാനായകനായ കുമ്മനവും ഒപ്പം ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കറും. കൂടെ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, മഹിളാ മോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ വിജയാ ഹാരങ്കര്‍, ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എം. ഗണേശ്, എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് എന്നിവരും. മുന്‍ സംസ്ഥാന അധ്യക്ഷരായ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വക്താക്കളായ എം.എസ്. കുമാര്‍, അഡ്വ. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ്ബാബു, ജനറല്‍സെക്രട്ടറി ആര്‍.എസ്.രാജീവ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി. സുധീര്‍ തുടങ്ങിയവര്‍ പദയാത്രയ്‌ക്കു മുന്നില്‍ ജനക്കൂട്ടത്തെയും പ്രവര്‍ത്തകരെയും നിയന്ത്രിച്ചു.
പദയാത്ര കടന്നുപോയ വഴിക്കിരുവശവും അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിക്കാനും കാണുന്നതിനുമായി നിലയുറപ്പിച്ചിരുന്നത്. പൂക്കള്‍ വാരിയെറിഞ്ഞും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ ജനരക്ഷായാത്രാ നായകനെ വരവേറ്റു.
ഇന്നലെ രാവിലെ കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്ത് ആവേശോജ്വല സ്വീകരണം നല്‍കിയാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി കുമ്മനത്തെ എതിരേറ്റത്.
ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കൊട്ടാരക്കരയിലെ സ്വീകരണ വേദിയിലെത്തി. ആയിരക്കണക്കിനാളുകളാണ് ചുട്ടുപൊള്ളുന്ന വെയിലിനെയും അവഗണിച്ച് കൊട്ടാരക്കരയില്‍ തടിച്ചു കൂടിയത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാടായ ഉണ്ണിയപ്പ പ്രസാദം നല്‍കികൊട്ടാരക്കരയിലെ ബിജെപി പ്രവര്‍ത്തകര്‍ കുമ്മനത്തെയും മനോഹര്‍ പരീക്കറെയും സ്വീകരിച്ചു.
















