കണ്ണൂര്‍: സൈന്യത്തിലും മറ്റ് സുരക്ഷാ സേനകളിലും ജോലി നേടുന്നതിനുള്ള പ്രീറിക്രൂട്ടിംഗ് സെന്റര്‍ ആരംഭിക്കാനുളള പാര്‍ട്ടിയുടെ തീരുമാനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരെ അപമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പല വേദികളിലും സംസാരിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏറെ വിവാദമായിരുന്നു.
കൂടാതെ സിപിഎം അഖിലേന്ത്യാ നേതൃത്വം കാശ്മീരിലെ തീവ്രവാദികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സൈന്യത്തിലേക്ക് ജോലി നേടാന്‍ പാര്‍ട്ടി തന്നെ മുന്‍കയ്യെടുത്ത് പരിശീലനം ആരംഭിക്കുന്നുവെന്നതിലെ വിരോധാഭാസമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
വളര്‍ന്നുവരുന്ന തലമുറ പാര്‍ട്ടിയെ കൈവിടുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് യുവാക്കളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാനായി പരിശീലന പരിപാടിയുമായി സിപിഎം മുന്നോട്ടുവന്നിരിക്കുന്നത്. തൊഴില്‍ പരശീലന കേന്ദ്രങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തില്‍ ധനസമാഹരണമെന്ന ലക്ഷ്യവും സിപിഎമ്മിനെ ഈ രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതിന് പിന്നിലുണ്ടെന്നാണ് സൂചന.
പരിശീലന കേന്ദ്രങ്ങളുടെ പേരില്‍ ആയുധപരിശീലനമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നുള്ള ആരോപണവും ശക്തമായിട്ടുണ്ട്. പിഎസ്‌സി കോച്ചിംഗ് അടക്കമുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ച് യുവതി-യുവാക്കളെ കൂടെ നിര്‍ത്താനും പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പാര്‍ട്ടി ഭരണം കൈയ്യാളുന്ന സമയത്ത് യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും അറിയുന്നു. സംസ്ഥാനത്ത് ആദ്യമായി പാര്‍ട്ടി നിയന്ത്രണത്തില്‍ കണ്ണൂരില്‍ സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സേനാ വിഭാഗങ്ങളിലേക്കും ജോലിക്ക് പരിശീലനം നല്‍കുന്ന പ്രീറിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം കണ്ണൂര്‍ തളാപ്പില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.
യോഗയേയും ഭാരതീയ തത്വശാസ്ത്രങ്ങളേയും കാലങ്ങളായി തളളിപ്പറഞ്ഞ പാര്‍ട്ടി യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി നേരത്തേ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയും യോഗാപരിശീലന കേന്ദ്രങ്ങളും തുടങ്ങിയിരുന്നു.
രാജ്യവിരുദ്ധ ശക്തികള്‍ക്കനുകൂലമായും സൈനികര്‍ക്കെതിരായും നില കൊളളുന്നുവെന്ന ആരോപണം പാര്‍ട്ടിക്കെതിരെ ശക്തമാവുകയും രാജ്യത്താകമാനം പാര്‍ട്ടി നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും രക്ഷപ്പെടുകയെന്ന ലക്ഷ്യവും പാര്‍ട്ടി നിയന്ത്രണത്തില്‍ മിലിട്ടറി പ്രീറിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.
















