തിരുവനന്തപുരം: കണ്ണൂരിനെ ചോരക്കളമാക്കിയ സിപിഎം ക്രൂരതയുടെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്തുവെന്ന് ദൃക്‌സാക്ഷി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണനെ കല്ലു വെട്ടുന്ന മഴു ഉപയോഗിച്ച് പിണറായി വെട്ടുന്നത് കണ്ടതായി ദൃക്‌സാക്ഷിയായ ഉമേശ് ജനം ടിവിയോട് വെളിപ്പെടുത്തി.
വിവരമറിഞ്ഞ് ഓടിയെത്തിയപ്പോള്‍ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതു കണ്ടുവെന്നും മറ്റൊരു ദൃക്‌സാക്ഷി ബാലകൃഷ്ണനും പറഞ്ഞു. തയ്യല്‍ തൊഴിലാളിയായിരുന്ന രാമകൃഷ്ണന്റെ സഹപ്രവര്‍ത്തകരാണ് ഇരുവരും
ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ജാഥയായെത്തിയാണ് രാമകൃഷ്ണനെ കൊന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എം.വി. രാജഗോപാലന്‍ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും ഇരുവരും വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തനം കണ്ണൂരില്‍ നേരത്തെ ആരംഭിച്ചെങ്കിലും ശക്തമായതോടെയാണ് മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ അരങ്ങേറിയത്. അത്തരത്തിലുള്ള ആദ്യ കൊലപാതകമായിരുന്നു രാമകൃഷ്ണന്റേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, ഇഎംഎസ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
















