തലശ്ശേരി: പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പൊതു കംഫര്‍ട്ട് സ്‌റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പ് ബോധമറ്റ് വീണുപോയ മധ്യവയസ്സനെ ഇരു കാല്‍പാദങ്ങളിലും പുഴുക്കളും ഉറുമ്പും നുരച്ചുപൊതിയുന്ന നിലയില്‍ കണ്ടെത്തി. അസഹ്യമായ ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ശ്രദ്ധിച്ചപ്പോഴാണ് ബോധമറ്റ് ചെളിമണ്ണില്‍ കിടന്നയാളെ അര്‍ദ്ധപ്രാണനുമായി കാണാനിടയായത് പാന്റും ഷര്‍ട്ടുമായിരുന്നു വേഷം. ദേഹത്തില്‍ ജീവന്റെ തുടിപ്പുമാത്രമുള്ള നിസ്സഹായനായ മനുഷ്യന്റെ അടുത്തേക്ക് ഏറെനേരം ആരും അടുത്തില്ല. വിവരമറിഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബു പാറാലും പൊന്‍മാണിച്ചിവളപ്പിലെ വീട്ടമ്മ ഷാഹിദയുമെത്തിയാണ് വീണിടത്തു നിന്നും എഴുന്നേല്‍പ്പിച്ചത്. അഴുകിയ കാലില്‍ പറ്റിപ്പിടിച്ച പാന്റ് ബാബു പാറാല്‍ അറുത്ത് മാറ്റിയപ്പോള്‍ മുട്ടോളംഭാഗം പുഴുക്കളും ഉറുമ്പുകളും പൊതിഞ്ഞിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു വെങ്കിലും ഇവിടെ ജി റിയാട്രിക് വാര്‍ഡ് സൗകരമില്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോടിയേരി പപ്പന്റ പീടികക്കടുത്തുള്ള സുധീറാണ് (55) ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വീടുമായി ബന്ധമില്ലാത്ത സുധീര്‍ പ്രമേഹം മൂര്‍ഛിച്ച് കാലില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്നാണ് ബോധമറ്റ് കുഴഞ്ഞ് വീണതെന്ന് കരുതുന്നു. ദിവസങ്ങളായുള്ള കിടപ്പില്‍ ആരെയും കണ്ണില്‍പ്പെടാതിരുന്നതാണ് പഴുപ്പില്‍ പുഴുക്കള്‍ നുരിക്കാനിടയാക്കിയത്.
















