ചങ്ങനാശേരി: ഇന്നലെ അന്തരിച്ച ഇന്ദിരാദേവി ടീച്ചര്‍ മികച്ച അദ്ധ്യാപിക മാത്രമല്ല നല്ല പ്രാസംഗിക, സംഗീതം, തിരുവാതിര മുതലായ കലകളില്‍ നിപുണയുമായിരുന്നു. ടീച്ചറുടെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് മധുര സ്മരണകള്‍ മാത്രമാണുള്ളത്.
34 വര്‍ഷം അദ്ധ്യാപനവൃത്തിയില്‍ ഉണ്ടായിരുന്ന ടീച്ചര്‍ക്ക് 1986 ല്‍ മികച്ച അദ്ധ്യാപികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. പെരുന്ന ബോയ്‌സ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപനത്തിന് തുടക്കം കുറിച്ച ടീച്ചര്‍ 87ല്‍ പെരുന്ന ബോയ്‌സ് സ്‌കൂളില്‍ നിന്നും പ്രധാന അദ്ധ്യാപികയായി വിരമിച്ചു. എന്‍എസ്എസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍.എസ്.പണിക്കരുടെ ഭാര്യയായ ഇന്ദിര ടീച്ചര്‍ വിദ്യാഭ്യാസ വിചക്ഷണയായിരുന്ന അന്തരിച്ച ഡോ.സുമതിക്കുട്ടിയമ്മയുടെ സഹോദരിയാണ്.
ഭാരത കേസരി മന്നത്തുപദ്മനാഭന്റെ മകള്‍ കുട്ടിയമ്മയുടെ മകളായ ഇന്ദിരാദേവി ടീച്ചറെക്കുറിച്ച് മകള്‍ ഗീതക്ക് പറയുന്നത്- കഠിനമായി പരിശ്രമിക്കുകയും എതു പ്രതിസന്ധിയും തരണം ചെയ്യുന്നതിനുള്ള ആത്മശക്തി അമ്മയ്‌ക്ക് ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ലഭിച്ചിരുന്ന കുറഞ്ഞ ശമ്പളം കൊണ്ട് മക്കളെ വളര്‍ത്തിയ കാര്യം അദ്ധ്യാപികയായ ഗീത അനുസ്മരിച്ചു. ഏതുകാര്യവും സ്വയം ചെയ്യുന്നതിന് ഈ പ്രായത്തിലും അമ്മയ്‌ക്ക് കഴിഞ്ഞിരുന്നു.
അമ്മയെപ്പോലെ ഗീതയും മികച്ച അദ്ധ്യാപികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ്് നേടിയിട്ടുണ്ട്. ഒപ്പം കലാരംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും സ്‌നേഹം പിടിച്ചുപറ്റിയ ഇന്ദിരാദേവി ടീച്ചറെക്കുറിച്ച് സ്‌നേഹം, അടുപ്പം, നല്ല പെരുമാറ്റം എന്നിവ എടുത്തു പറയേണ്ട ഗുണങ്ങളാണ്. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങള്‍ക്കൊപ്പം കലാപരിപാടികളിലും വലിയ പ്രോത്സാഹനം നല്കുകയും അതിന് വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിനി യമുനാ മാധവന്‍പിള്ള അനുസ്മരിച്ചു.
















