ന്യൂദല്‍ഹി: രോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ അനധികൃത കുടിയേറ്റത്തില്‍ രാജ്യസുരക്ഷക്കൊപ്പം മനുഷ്യാവകാശവും പരിഗണിക്കണമെന്ന് സുപ്രീംകോടതി. വലിയ വ്യാപ്തിയുള്ള വിഷയം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് പ്രധാന പങ്കുണ്ട്. റോഹിങ്ക്യകളുടെ മനുഷ്യാവകാശവും രാജ്യസുരക്ഷയും തമ്മില്‍ സന്തുലനം പാലിക്കണം.
മാനുഷിക വിഷയങ്ങളില്‍ അനുകൂല നിലപാടെടുക്കണമെന്നാണ് ഭരണഘടനാ തത്വങ്ങള്‍ പറയുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ദുര്‍വിധി കണ്ടില്ലെന്ന് നടിക്കാനാകില്ല. അതേ സമയം മനുഷ്യത്വപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ രാജ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും മാറ്റി നിര്‍ത്താനുമാവില്ല. കോടതി അഭിപ്രായപ്പെട്ടു. കേസ് ഈ മാസം 21ലേക്ക് മാറ്റി. അതുവരെ ഇവരെ തിരിച്ചയക്കുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യരുത്. എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ കോടതിയെ അറിയിക്കണം.
ഇതിന് വിരുദ്ധമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ റോഹിങ്ക്യകള്‍ക്ക് കോടതിയെ സമീപിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെതിരെ രണ്ട് റോഹിങ്ക്യകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
















