ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ കൈയ്യടി നേടിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വാഷിങ്ടണില്‍ ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിപുലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ യുഎസില്‍ ഇന്ത്യയെക്കുറിച്ച് ‘പോസിറ്റീവ് മൂഡ്’ നല്‍കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
അമേരിക്കന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ നടത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭാവി കഴിവിനെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. യുഎസ് നിക്ഷേപകരുമായും ട്രംപ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
വാഷിങ്ടണിലെത്തിയ ജെയ്റ്റ്‌ലി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനുമായും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര – സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുവായ ആശങ്കകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.രാജ്യാന്തര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ന്യൂയോര്‍ക്കിലും ബോസ്റ്റണിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം നിക്ഷേപകരെ അഭിസംബോധന ചെയ്തു. കൊളംബിയ, ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. ഞായറാഴ്ച അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.
















