ന്യൂദല്‍ഹി: സോളാര്‍ ചൂടില്‍ സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം കരിഞ്ഞുണങ്ങിയതിന്റെ ആഘാതത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും.
പ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ കെപിസിസി നേതൃത്വം കുഴങ്ങവെ, അടിയന്തരമായി ദല്‍ഹിയിലെത്താന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പരസ്യപ്രസ്താവനകളും വിലക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെങ്കിലും സോളാറിലെ രാഷ്‌ട്രീയ പ്രതിസന്ധിയും ചര്‍ച്ചയായി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍, വി.എം. സുധീരന്‍, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരെയാണ് രാഹുല്‍ വിളിപ്പിച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ ആന്റണിയും പങ്കെടുക്കും.
കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് ഹൈക്കമാന്‍ഡും. ആന്റണി ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇതാവര്‍ത്തിച്ചിരുന്നു. അതിനാല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവില്ല. പാര്‍ട്ടി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കില്ല. മന്ത്രിസ്ഥാനം ഇല്ലാത്തതിനാല്‍ രാജിയാവശ്യപ്പെട്ടുള്ള രാഷ്‌ട്രീയ ആക്രമണം ഉണ്ടാകില്ല.. ഇത്രയും നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുമാവില്ല.
ഭാരവാഹിപ്പട്ടികയിലും സോളാര്‍ ആയുധമാവും. ദേശീയതലത്തിലും കോണ്‍ഗ്രസ്സിന് വിഷയം നാണക്കേടായി. നേതാക്കള്‍ കൂട്ടത്തോടെ ബലാത്സംഗക്കേസില്‍ പ്രതിയാകുന്നത് അപൂര്‍വ്വമാണ്.
എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര മന്ത്രി പളനി സ്വാമി എന്നിവരുള്‍പ്പെട്ടതാണ് ഹൈക്കമാന്‍ഡിനെ വലയ്‌ക്കുന്നത്. വേണുഗോപാലിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിന്റെ ചുമതലയുണ്ട്. അവിടെ സമൂഹമാധ്യമങ്ങളില്‍ വിഷയം കത്തിപ്പടരുകയാണ്.
ആന്റണിയുടെ മകനെതിരെ ഇന്നലെ സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ എന്തൊക്കെ പുറത്തുവരുമെന്നു പറയാനാകില്ല. ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അടുത്തിടെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന മുന്നേറ്റം കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്കുന്നുവെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ കുരുക്ക്.
















