കണ്ണൂര്‍: വായ്‌പാ കുടിശ്ശിക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റബ്‌കോ ആസ്ഥാന മന്ദിരം ലേലം ചെയ്യാന്‍ ഉത്തരവ്. ഏറണാകുളം ജില്ലയിലെ തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് റബ്‌കോയുടെ പേരില്‍ നല്‍കാനുളള 1.11 കോടി രൂപ ഈടാക്കുന്നതിനാണ് കണ്ണൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാന മന്ദിരം പരസ്യമായി ലേലം ചെയ്ത് വില്‍ക്കാന്‍ കണ്ണൂര്‍ സബ്ബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
നവംബര്‍ 13ന് ലേലം ചെയ്യുന്നത് സംബന്ധിച്ച് ഇന്നലെ കണ്ണൂര്‍ വില്ലേജ് ഓഫീസ് നോട്ടീസ് ബോര്‍ഡിലും കോര്‍പ്പറേഷന്‍ ഓഫീസിലും ലേലം സംബന്ധിച്ച് അധികൃതര്‍ നോട്ടീസ് പതിച്ചു. തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നല്‍കാനുളള പണം ഈടാക്കുന്നതിന് റബ്‌കോയുടെ ആസ്ഥാന മന്ദിരവും മന്ദിരം സ്ഥിതി ചെയ്യുന്ന 62 സെന്റ് സ്ഥലവും കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സബ്ബ്‌കോടതി ജപ്തി ചെയ്തിരുന്നു. ജപ്തിയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കിയ ശേഷം റബ്‌കോ ഓഫീസ് തുടര്‍ന്നും അവിടെ പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
സിപിഎം നിയന്ത്രണത്തില്‍ രൂപീകൃതമായ റബ്‌കോ കാലങ്ങളായി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് പുറമേ നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തിട്ടുളള സ്ഥാപനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.
















