ആലപ്പുഴ: ഈ മാസം 15 മുതല്‍ 18 വരെ ചൈനയിലെ ഷാന്‍ ഹാ യില്‍ നടക്കുന്ന ഏഷ്യന്‍ കനോയിങ് കയാക്കിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുപമ എസും, അലീനാ സുനിലും യോഗ്യത നേടി. കുട്ടനാട് ചേന്നംകരി അഞ്ജലി ഭവനില്‍ ഷിബിമോന്‍-യമുനാ ദമ്പതികളുടെ മകളായ അനുപമ കയാക്കിങില്‍ 20 ഓളം ദേശീയ മെഡല്‍ നേടിയിട്ടുണ്ട്. ആര്യാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയാണ്.
കുപ്പപ്പുറം വെളുത്തേരില്‍ വി.വി. സുനില്‍-സിബിത ദമ്പതികളുടെ മകളായ അലീനാ സുനില്‍, കനോയിങില്‍ പത്തിലധികം ദേശീയ മെഡല്‍ നേടിയ മികവിലാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. അലീനയുടെ അച്ഛന്‍ വാണിജ്യനികുതി വകുപ്പിലെ ജീവനക്കാരനായ വി.വി. സുനില്‍ ദേശീയ ഗെയിംസിലടക്കം കയാക്കിങില്‍ നിരവധി മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
അലീനാ സുനിലും അനുപമയും ആലപ്പുഴ സായി കേന്ദ്രത്തിലെ കായിക താരങ്ങളാണ്. ജി.വി. രാജാ അവാര്‍ഡ് ജേതാവും ഏഷ്യന്‍ ഗെയിംസ് കനോയിങ് മെഡല്‍ ജേതാവുമായ എസ്. സിജികുമാര്‍ ആണ് പരിശീലകന്‍.
















