പള്ളുരുത്തി: ഫുട്‌ബോളെന്ന കായിക ഇനത്തെ ഹൃദയത്തിലേറ്റി ജീവിതത്തിലെ ഓരോ നിമിഷവും കാല്‍പ്പന്തുകളിക്കായി ഉഴിഞ്ഞുവെച്ച എസ്. മേവലാല്‍ എന്ന ഫുട്‌ബോള്‍ സ്‌ട്രൈക്കറിന്റെ കഠിനാധാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വില സര്‍ക്കാരും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും അറിയാതെ പോയെങ്കിലും രാജ്യാന്തര സംഘടനയായ ഫിഫയ്‌ക്ക് അതിന് കഴിയുമായിരുന്നില്ല.
ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ കൊതിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പെരുന്തച്ചന്‍ എന്നൊക്കെ വിളിക്കാവുന്ന മേവലാലിന് ഫിഫ സമ്മാനിച്ചത്. ഫിഫ പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന മാസികയില്‍ ലോകത്തേറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത 50 പേരുടെ ലിസ്റ്റില്‍ ഫുട്‌ബോള്‍ മാന്ത്രികരെന്ന് വിശേഷിപ്പിക്കാവുന്ന പെലെ, റിവേലിനോ, റൊമാരിയോ എന്നിവര്‍ക്കൊപ്പം സഗു മേവലാല്‍ എന്ന പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
ഒരു ഫുട്‌ബോള്‍ പ്ലെയര്‍ ആഗ്രഹിച്ച അല്ലെങ്കില്‍ സ്വപ്‌നം കണ്ട ഏറ്റവും വലിയ അംഗീകാരം ആ എളിയ വലിയ മനുഷ്യന്‍ ആശ്ചര്യത്തോടെയും സന്തോഷാശ്രുക്കളോടെയുമാണ് സ്വീകരിച്ചത്. 1926 ജൂലൈ 1 ന് ബീഹാറിലെ ഗയയില്‍ ജനിച്ച മേവലാല്‍ അച്ഛനൊപ്പം കൊല്‍ക്കത്തയില്‍ എത്തിയ ശേഷം ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മോര്‍ണിങ്ങ് സ്റ്റാര്‍ എന്ന ക്ലബ്ബിലൂടെയാണ് കാല്‍ പന്തുകളിയുടെ ലോകത്ത് എത്തുന്നത്.
1944ല്‍ പ്രശസ്തമായ ആര്യന്‍സിലേയ്‌ക്ക് ചേക്കേറി. ഒരു വര്‍ഷത്തിനു ശേഷം കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ മോഹന്‍ ബഗാനെതിരെ മേവലാല്‍ നേടിയ ഹാട്രിക്കാണ് ബൈസിക്കിള്‍ കിക്കുകളും ബാക്ക് വോളികളും തീര്‍ത്ത് വിസ്മയിച്ച ആ ഫുട്‌ബോള്‍ സ്റ്റാറിന്റെ കരിയറില്‍ നിര്‍ണായകമായത്. പിന്നീട് സഹു മേവലാല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ തിളങ്ങുന്ന നക്ഷത്രമായി. പത്ത് വര്‍ഷത്തെ വിസ്മയകരമായ ഫുട്‌ബോള്‍ ജീവിതത്തില്‍ 1032 ഗോളുകളും 62 ഹാട്രിക്ക്‌സും നേടി ലോക ഫുട്‌ബോള്‍ തട്ടകത്തില്‍ ചരിത്രമെഴുതി.
1951 ല്‍ ഏഷ്യന്‍ ഗെയിംസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ സാക്ഷിയാക്കി ഇന്ത്യ ഫൈനലില്‍ ഇറാനെ ഒരു ഗോളിന് തോല്‍പ്പിച്ച് വിജയക്കൊടി നാട്ടി സ്വര്‍ണ്ണം നേടിയത് മേവലാലിന്റെ പാദസ്പര്‍ശത്തില്‍ പിറന്ന മാസ്മരിക ഗോളിലൂടെയാണ്. ‘നിങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയിരിക്കുന്നു, ചരിത്രം നിങ്ങളെ മറക്കില്ല’ ഇന്ത്യയെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കിരീടത്തിലേയ്‌ക്ക് ഉയര്‍ത്തിയ മേവലാലിന്റെ പ്രകടനം കണ്ട് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു അന്ന് പറഞ്ഞ വാക്കുകളാണിത്.
1948ല്‍ ലണ്ടനിലും 1952ല്‍ ഹെല്‍സിങ്കിയിലും നടന്ന ഒളിമ്പിക്‌സില്‍ പന്തുകളില്‍ മാന്ത്രികചലനം തീര്‍ത്ത് ഗോളുകള്‍ ഒഴുക്കി മേവലാല്‍ സ്‌റ്റേഡിയത്തില്‍ കാണികളില്‍ ഊര്‍ജ്ജസ്വരൂപമായി നിറഞ്ഞ് നിന്നു. അര്‍ജ്ജുന അവാര്‍ഡ്, പദ്മശ്രീ ഇവയൊന്നും മേവാലാലിനെ തേടിയെത്തിയില്ല, കാരണം അദ്ദേഹം രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ആരെയും സമീപിക്കാത്ത അഭിമാനിയായ തികഞ്ഞ ഒരു സ്‌പോര്‍ട്‌സ്മാനായിരുന്നു. അതിനാല്‍ തന്നെ പല അസോസിയേഷനുകളും അദ്ദേഹത്തെ ബോധപൂര്‍വ്വം തഴഞ്ഞു. എന്നാല്‍ ആ തികഞ്ഞ ഫുട്‌ബോള്‍ മഹത്വത്തിന് അതില്‍ തെല്ലും പരാതിയുണ്ടായിരുന്നില്ല. ഫുട്‌ബോള്‍ ഗാഥയില്‍ റയില്‍വേയ്‌ക്ക് വേണ്ടിയായിരുന്നു മേവലാല്‍ ഏറിയ നാളും ആത്മസമര്‍പ്പണത്തിന്റെ പാദചലനങ്ങള്‍ തീര്‍ത്തത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ പ്രശസ്ത ക്ലബ്ബുകളില്‍ അവസരം ലഭിച്ചിട്ടും ആ ഫുട്‌ബോള്‍ പ്രേമി തന്റെ ടീം വിട്ട് പോകാന്‍ തയ്യാറായില്ല.
മരണക്കിടക്കയിലും ആ യഥാര്‍ത്ഥ കായിക പ്രേമിക്ക് വേദന മാത്രമാണ് അംഗീകാരമായി കിട്ടിയത്. തന്റെ അച്ഛന്‍ ഒരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണെന്ന് മേവലാലിന്റെ മകന്‍ ആശുപത്രിയധികൃതരോട് പറഞ്ഞപ്പോള്‍ മെഡല്‍ എവിടെയെന്നാണ് അധികൃതര്‍ ചോദിച്ചത്. അവസാനം മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണ് ചികില്‍സ ലഭിച്ചത്. ഇന്ത്യയെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കിരീടം ചൂടിച്ച കനക നക്ഷത്രം സഹു മേവലാല്‍… ആ വാനിലുദിച്ച ദിവ്യ നക്ഷത്രത്തെ തേടി ഒരു പുരസ്‌കാരവും എത്തിയില്ലെങ്കിലും ഓരോ ഭാരതീയന്റെ മനസിലും ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിന്റെ ആത്മസമര്‍പ്പണമായി സഹു മേവലാല്‍ എന്ന നാമം നിലനില്‍ക്കും.
കായിക ബഹുമതിയോ സിവിലിയന്‍ ബഹുമതിയോ ഒന്നും നല്‍കി ആ വലിയ മനുഷ്യനെ അംഗീകരിച്ചില്ലെങ്കിലും ഓരോ ഇന്ത്യക്കാരനും ഒരിക്കലും മറക്കരുതാത്ത ഫുട്‌ബോളിനെ അഗാധമായി പ്രണയിച്ച വ്യക്തിത്വമാണ് സഹു മേവലാല്‍.
















