കരുനാഗപ്പള്ളി: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. ആരോപണങ്ങളെ നിയമപരമായി നേരിടും. ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകളൊ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളുടെ ഭാഗങ്ങളൊ സര്‍ക്കാരോ കമ്മീഷനൊ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടു കിട്ടി 15 ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സ്വന്തമായ താത്പര്യങ്ങളും സര്‍ക്കാരിന്റെ താത്പര്യങ്ങളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തകര്‍ക്കാന്‍ സാധിക്കില്ല. ഒന്നേകാല്‍ വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഗവണ്‍മെന്റ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുനാഗപ്പള്ളി കോഴിക്കോട് കോണ്‍ഗ്രസിന്റെ കുടുംബ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















