തളിപ്പറമ്പ്: പരിയാരത്ത് അന്യസംസ്ഥാനക്കാരനായ ഹോട്ടല്‍ തൊഴിലാളിയുടെ കഴുത്തറുത്ത സംഭവം ആത്മഹത്യാ ശ്രമമെന്ന് പോലീസ്. ഒഡീഷ സ്വദേശി മംഗ്ലു (21)ന്റെ കഴുത്തിനാണ് കഴിഞ്ഞ ദിവസം മുറിവേറ്റത്. താമസ സ്ഥലത്ത് മുറിവെറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ സഹപ്രവര്‍ത്തകരാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് കാമ്പസ്സിലുള്ള ടികെസി ഹോട്ടലിലെ തൊഴിലാളിയാണ് മംഗ്ലു. തിങ്കളാഴ്ച വെളുപ്പിന് നാലരമണിയോടെയാണ് ഇയാളെ താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ച് കിടന്ന നിലയില്‍ കാണപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം അടച്ചിട്ട മുറിയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ഒമ്പത്‌പേരെയും പരിയാരം പോലീസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. പൂട്ടിയിട്ട ഗ്രില്‍സിലൂടെ തന്നെ പുറത്തുനിന്നുള്ള അജ്ഞാതരായ മൂന്നുപേര്‍ പിടിച്ചുനിര്‍ത്തി കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സര്‍ജ്ജന്‍ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ഇത് ആത്മഹത്യാ ശ്രമമാണെന്ന് നിഗമനത്തിലെത്തുകയായിരുന്നു.
















