കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഉപസമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ച സമയത്താണ് കേരളം ആവശ്യം ഉന്നയിച്ചത്.
അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സ്വീപേജ് ജലത്തിന്റെ അളവ് പരിശോധിക്കുന്ന ഉപകരണം, ഡാമിലെ മര്‍ദ്ദമാപിനി എന്നിവ കാലഹരണപ്പെട്ടതാണെന്നും ഈ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നും കേരളത്തിന്റെ പ്രതിനിധികളായ ജോര്‍ജ് ദാനിയേല്‍, പ്രസീദ് എന്നിവര്‍ ഉപസമിതി ചെയര്‍മാന്‍ വി. രാജേഷിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് ഇതിനോട് അനുകൂല സമീപനമാണ് പുലര്‍ത്തിയത്. ഡാമില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ജലം ഒഴുക്കിക്കൊണ്ടുപോകുന്ന ഷട്ടറുകളുടെ പ്രവര്‍ത്തനരീതി കേരളത്തെ അറിയിക്കണമെന്ന ധാരണ ഇതുവരെ നടപ്പായില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. 122.7 അടിയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ അണക്കെട്ടിലെ ജലനിരപ്പ്. ഒരു മിനിറ്റില്‍
66.498 ലിറ്റര്‍ ആണ് സ്വീപേജ് വാട്ടര്‍ലെവല്‍. ഉപസമിതി സന്ദര്‍ശന സമയത്ത് ജലനിരപ്പ് 122 അടിയിലേക്ക് താഴ്ന്നതോടെ ചോര്‍ച്ച ഉപസമിതിയുടെ ശ്രദ്ധയില്‍ പെടുത്താനായില്ല. ഉന്നതാധികാര സമിതി ഈ മാസം 16ന് അണക്കെട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശനം മാറ്റിവച്ചു.
















