ഇടുക്കി: മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ദേശീയപാത വികസനം പ്രതിസന്ധിയില്‍. ദേശീയപാത കടന്ന് പോകുന്ന 23 കിലോ മീറ്റര്‍ പ്രദേശം കാര്‍ഡമം ഹില്‍സ് റിസര്‍വ് ആണെന്നും ഇവിടെ നിന്ന് മരങ്ങള്‍ മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും കാണിച്ച് മൂന്നാര്‍ ഡിഎഫ്ഒ നാഷണല്‍ ഹൈവേയുടെ മൂവാറ്റുപുഴ ഡിവിഷണ്‍ എഞ്ചിനീയര്‍ക്ക് കത്ത് നല്‍കി. മരംമുറിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാല്‍ കേസെടുക്കുമെന്നും ഡിഎഫ്ഒയുടെ കത്തിലുണ്ട്.
പണി നിര്‍ത്തിവയ്‌ക്കാനാണ് ഹൈവേ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍-മുതല്‍ ബോഡിമെട്ട് വരെയുള്ള വീതികുറഞ്ഞ 42 കിലോമീറ്റര്‍ റോഡാണ് 300 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കാന്‍ ആരംഭിച്ചത്.
പത്ത് മീറ്റര്‍ വീതിയിലാണ് നവീകരണം.
രണ്ട് വര്‍ഷം കൊണ്ട് 42 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണ് കരാര്‍. കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് പാത നവീകരിച്ചില്ലെങ്കില്‍ കരാറെടുത്ത കമ്പനിക്കെതിരെ കേസെടുക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. തടസങ്ങള്‍ മൂലം നിര്‍മ്മാണം നിലച്ചാല്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കരാര്‍ കമ്പനിക്കും അധികാരമുണ്ട്.
ബോഡിമെട്ടില്‍ നിന്ന് മൂന്നാര്‍ റൂട്ടിലുള്ള 23 കിലോമീറ്റര്‍ പ്രദേശമാണ് ഏലമലക്കാടായി വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവിടെ 200 മരങ്ങള്‍ വെട്ടി നീക്കേണ്ടി വരും. ഈ വിവരം നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും എതിര്‍പ്പ് അറിയിക്കാതിരുന്ന വനംവകുപ്പ് നിര്‍മ്മാണം ആരംഭിച്ച് ആഴ്ചകള്‍ തികയും മുന്‍പേ എതിര്‍പ്പുമായെത്തിയത് ദുരൂഹമാണ്.
















