പാറശ്ശാല: നിര്‍മല്‍കൃഷ്ണ നിക്ഷേപ തട്ടിപ്പ്‌കേസില്‍ ഒളിവിലായിരുന്ന മാനേജരടക്കം പിടിയിലായ ജീവനക്കാരുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച വൈകിട്ട് നാഗര്‍കോവില്‍ വടശ്ശേരിയില്‍ വച്ചാണ് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ സംഘം പാറശ്ശാല മുണ്ടാ പ്ലാവിള റ്റി.കെ നഗറില്‍ കൈലാസം വീട്ടില്‍ നിര്‍മ്മലന്റെ ബന്ധുവായ അജിത്ത്, പളുകല്‍ മത്തംമ്പാല നാഗക്കോട് രവീന്ദ്രന്‍, പളുകല്‍ മത്തംമ്പാല സൗഭാഗ്യയില്‍ ശേഖരന്‍നായര്‍ എന്നിവരെയാണ് പിടികൂടിയത്. പിടിയിലായവരില്‍ നിന്ന് ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് നിരവധി വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ പിടികൂടിയവരുടെ പേരില്‍ നിരവധി ബിനാമി ഇടപാടുകള്‍ ബാങ്ക് ഉടമ നിര്‍മ്മലന്‍ നടത്തിയിട്ടുള്ളതായി പറയുന്നു.
പിടിയിലായവരെ വീടുകളില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നുവെന്നറിഞ്ഞു നിക്ഷേപകരും നാട്ടുകാരും അതിരാവിലെ മുതല്‍ തന്നെ വീടുകളുടെ പരിസരത്തു കൂടിയിരുന്നു. ജനരോഷം ഭയന്ന് അതിരാവിലെ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പിടിയിലായവരുടെ വീട്ടില്‍ നിന്ന് ഒട്ടേറെ പ്രമാണങ്ങളും പാസ് ബുക്കുകളും കണ്ടെടുത്തു. അജിത്തിന്റെ വീട്ടില്‍ നിന്നു രേഖകളൊന്നും കണ്ടെത്തിയില്ല. നിര്‍മ്മല്‍ കൃഷ്ണ ബാങ്കിന്റെ മാനേജര്‍മാരായ ശേഖരനും രവീന്ദ്രനും ബാങ്കുടമയുടെ പ്രധാന ബിനാമികളാണെന്ന് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി പാല്‍ദുരെ, ഇന്‍സ്പക്ടര്‍ ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
















