വാഷിങ്ടൺ: ജിഎസ്ടിയെ പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സംസ്ഥാന സർക്കാരുകൾ പുതിയ മാറ്റത്തെ പെട്ടെന്ന് തന്നെ സ്വീകരിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഹിസ്റ്ററി(സി.ഐ.ഐ),യു.എസ് ഇന്ത്യാ ബിസിനസ് കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്. വലിയ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
‘യുവജനങ്ങൾക്കിടയിൽ ഡിജിറ്റൽ പെയ്‌മെന്റിന് വലിയ സ്വാധീനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് വിവിധ ഇൻഷൂറൻസ് പദ്ധതികളും സർക്കാർ നടപ്പിലാക്കി വരികയാണ്’-ജെയ്റ്റ്‌ലി പറഞ്ഞു.
250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തുറമുഖങ്ങൾ വികസന പാതയിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ചടങ്ങിൽ പേപാൽ സി.ഇ.ഒ ഡാൻഷ്യുൽമാൻ, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനർജി എന്നിവരും പങ്കെടുത്തു.
















