കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്‌പയെടുത്തവര്‍ക്കായി നടപ്പാക്കിയ കടാശ്വാസ തിരിച്ചടവ് സഹായ പദ്ധതി പ്രഹസനം. അന്യായമായ ഉപാധികള്‍ കാരണം അര്‍ഹരായവര്‍ക്ക് ഗുണം ലഭിക്കുന്നില്ലെന്ന് എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പദ്ധതി പ്രകാരമുള്ള പരിരക്ഷ മെറിറ്റ് വിഭാഗത്തില്‍ പഠിച്ചവര്‍ക്ക് മാത്രമാണ്്.
മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടയില്‍ പഠിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പദ്ധതിയില്‍ അര്‍ഹരല്ലാത്തവരായി മാറി. മെറിറ്റില്‍ പഠിച്ചവര്‍ വളരെ ചെറിയവിഭാഗമേയുള്ളൂ. ഇവര്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചവരെക്കാള്‍ തുച്ഛമായ സംഖ്യയേ ഫീസ് നല്‍കേണ്ടതുള്ളൂ. കടക്കെണിയില്‍ പെട്ടവരില്‍ അധികവും മാേനജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടയില്‍ പഠിച്ചവരാണ്.
അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, വില്ലേജ് ഓഫീസറുടെ തൊഴില്‍ രഹിതനാണെന്ന എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. പാന്‍കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ രണ്ട് മാസം കാത്തിരിക്കണം. പാന്‍കാര്‍ഡ് അപ്‌ലോഡ് ചെയ്താലേ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഓണ്‍ലൈനില്‍ ബാങ്കിനാണ് അപേക്ഷ സമ്മര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ ഒരിക്കല്‍ തെറ്റ് സംഭവിച്ചാല്‍ പിന്നീട് തിരുത്താനാവില്ല.
കേരള സര്‍ക്കാറിന്റെ പദ്ധതിക്ക് ചോദിച്ചതുപോലുള്ള യാതൊരു നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നില്ല. ഇതനുസരിച്ച് മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടയിലുള്ളവര്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി ആനുകൂല്യം ലഭിക്കും. കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ വിദ്യാഭ്യാസ വായ്‌പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ആനുകൂല്യം ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്. കുടുംബവാര്‍ഷിക വരുമാനം നാല് ലക്ഷം കവിയരുത് എന്ന നിബന്ധന മാത്രമെയുള്ളു. കൂടാതെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ബാങ്കില്‍ ഹാജരാക്കിയാല്‍ മതി.
















