കണ്ണൂര്‍: സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന അഴീക്കോട് ആറാംകോട്ടം പ്രദേശങ്ങളില്‍ സിപിഎം സംഘം അഴിഞ്ഞാടുന്നു. അക്രമസംഭവങ്ങളിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നതായും ആരോപണമുണ്ട്. ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി അംഗം ആറാംകോട്ടംവായനശാലക്ക് സമീപത്തെ പി.കെ.പ്രശാന്തന്റ വീട് കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ് തകര്‍ത്തു. പ്രശാന്തന്‍ മംഗലാപുരത്ത് ചികിത്സയിലായിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. സംഭവത്തില്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രശാന്തിന്റെ വീടിന് നേരം അക്രമം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ വീടിന് നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്റെ ജനാലകളും തറയും തകര്‍ന്നിരുന്നുവെങ്കിലും ഈ സംഭവത്തിലും പോലീസ്‌നടപടിയുണ്ടായിട്ടില്ല.
പോലീസിന്റെ നിഷ്‌ക്രിയത്വം പ്രതികള്‍ക്ക് അക്രമത്തിന് പ്രേരണയും പ്രോത്സാഹനം നല്‍കുന്നതായി ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി ആരോപിച്ചു. അഴീക്കോട് പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് സിപിഎമ്മില്‍നിന്നും മാറ്റിനിര്‍ത്തിയ മുന്‍ പഞ്ചായത്ത് മെമ്പര്‍ ഉന്നതരായ ക്രിമിനല്‍ നേതൃത്വങ്ങളെ പ്രീതിപ്പെടുത്തുന്നതിന് സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ച് നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരിച്ചെടുക്കാന്‍ കാട്ടുന്ന വ്യഗ്രതയാണ് ആറാംകോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു.
ആറാംകോട്ടം പ്രദേശത്ത് കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ മൂന്ന് വീടുകള്‍ക്ക് നേരെ ബോംബാംക്രമണം നടന്നിരുന്നു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഏകപക്ഷീയമായി അക്രമസംഭവങ്ങള്‍ നിരവധി നടന്നിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസ് മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ടിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിന് കാരണമാകുമെന്നും പോലീസ് നീതി നടപ്പിലാക്കണമെന്നും ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് ആവശ്യപ്പെട്ടു.
















