ന്യൂദല്‍ഹി: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നല്‍കി ഋതബ്രത തന്നെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. നമ്രത ദത്ത എന്ന യുവതിയാണ് എംപിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഋതബ്രതയുടെ ദല്‍ഹിയിലെ ഫ്ളാറ്റില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പോലീസില്‍ പരാതി നല്‍കി. ദല്‍ഹിയിലെ സൗത്ത് അവന്യുവിലുള്ള 104ാം നമ്പർ ഫ്ളാറ്റില്‍ വച്ചാണ് താന്‍ പീഡനത്തിന് ഇരായായതെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ 2,50,000 രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും യുവതി ആരോപിച്ചു.
വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നമ്രത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററില്‍ മേനകാ ഗാന്ധിയടക്കമുള്ള നേതാക്കളോടായി ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും ചെയ്തു.
അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ രാഷ്‌ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഋതബ്രത വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഋതബ്രതയെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഋതബ്രതയെ ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും നേരത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
















