കൊച്ചി : സ്വകാര്യ മില്ലുടമ ഇറക്കുമതി ചെയ്ത 15,000 ടണ്‍ ഗോതമ്പ് കഴുകിയെടുത്താല്‍ ഭക്ഷ്യയോഗ്യമാകുമോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്താന്‍ ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കി.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പു വരുത്താതെ ഗോതമ്പ് വിപണിയിലെത്തിക്കരുതെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കോഴിക്കോട്ടെ പികെ റോളര്‍ ഫ്‌ളോര്‍ മില്‍ അധികൃതര്‍ 2016 ഡിസംബറില്‍ ഇറക്കുമതി ചെയ്ത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഗോഡൗണില്‍ സൂക്ഷിച്ച ഗോതമ്പ് ഉപയോഗശൂന്യമായെന്ന സംശയത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.
ഗോതമ്പ് കഴുകിയെടുത്ത് ഉപയോഗിക്കാനാവുമെന്നും പിടിച്ചെടുക്കുന്നത് തടയണമെന്നും കാണിച്ച് മില്ലുടമ നല്‍കിയ ഹര്‍ജിയില്‍ 20 ടണ്‍ ഗോതമ്പ് കഴുകിയെടുത്ത് നിലവാരം പരിശോധിക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
ഗോതമ്പു കഴുകിയെടുക്കാമെന്ന വ്യവസ്ഥ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ അപ്പീലില്‍ സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശത്തില്‍ തെറ്റില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മാലിന്യം നീക്കം ചെയ്തശേഷം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞൂ.
















