കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ഒമ്പത് സിപിഎമ്മുകാര്‍ അറസ്റ്റില്‍. ശൃംഗപുരം സ്വദേശി ആളംപറമ്പില്‍ മുഹമ്മദ് സിയാദിനെ കുത്തിക്കൊന്ന കേസില്‍ ശ്രീനാരായണപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബു, എ.കെ.ജി.നഗര്‍ സ്വദേശികളായ വൈശാഖ്(ബട്ടു), വിനോദ്(വിനു) അബ്ദുള്‍ റഹീം( കുഞ്ഞുമോന്‍) അനന്തു (ഇച്ചു) , വിജയന്‍, അനു, അഖില്‍, സജിത്ത്, ഷനോജ് എന്നിവരാണ് പിടിയിലായത്.
കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ നാലിന് രാത്രിയിലായിരുന്നു സംഭവം. കാറില്‍ പോകുകയായിരുന്ന സിയാദിനേയും കൂട്ടുകാരേയും ശ്രീനാരായണപുരം എകെജി നഗറില്‍ തടഞ്ഞു നിര്‍ത്തിയ സംഘം സിയാദിനെ കുത്തിക്കൊല്ലുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ പ്രത്യേക അന്വേഷണസംഘമാണ് ് പിടികൂടിയത്. ബാബുവിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതി ബട്ടു പറഞ്ഞതനുസരിച്ച് ബാബുവിന്റെ വാഹനത്തിലാണ് സംഭവസ്ഥലത്തേക്ക് മാരകായുധങ്ങള്‍ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാബുവും ഷനോജും ചേര്‍ന്നാണ് ആയുധങ്ങള്‍ എകെജി നഗറിലെത്തിച്ചത്. സിപിഎം ശക്തികേന്ദ്രമാണ് ഈ പ്രദേശം. നിരന്തരം അക്രമങ്ങളുണ്ടാക്കുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. കൊല്ലപ്പെട്ട മുഹമ്മദ് സിയാദ് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.
ഒരു മാസം മുമ്പ് എകെജി.നഗറില്‍ ഓണക്കളിക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരിങ്ങാലക്കുട ഡിവൈ.എസ്പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സി.ഐപി.സി.ബിജുകുമാര്‍, മതിലകം എസ്.ഐ മനു വി.നായര്‍, അഡീഷണല്‍ എസ്.ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
















