ജന്മഭൂമി സപ്തംബര്‍ 21 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി കേരളനടനത്തില്‍ സ്വീകാര്യമല്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറി. കേരളനടനത്തെ വികൃതമാക്കാനുള്ള നീക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നു ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച പരിഷ്‌കരിച്ച സ്‌കൂള്‍ കലോത്സവ മാന്വലില്‍ കേരളനടന മത്സരം പഴയപടി മതിയെന്ന് തീരുമാനിച്ച് ഉത്തരവിടുകയായിരുന്നു.
കേരളനടനം വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്തിയിരുന്ന മത്സരങ്ങള്‍ ഒന്നിച്ചു നടത്തണമെന്ന് ഗുണമേന്മാകമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.
ഇതോടെ കലാകാരന്മാരും നൃത്ത അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തുവന്നു. ആണ്‍-പെണ്‍വിഭാഗങ്ങള്‍ക്കുള്ള മത്സരം ഒന്നാക്കുന്നതോടെ നടനം അവതരിപ്പിക്കേണ്ട വേഷങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകുമെന്നും ഇത് വിധികര്‍ത്താക്കളെ ആശങ്കയിലാക്കുമെന്നും ആരോപണം ഉയര്‍ന്നു. കേരളനടനത്തെ കലോത്സവവേദികളില്‍ നിന്ന് അകറ്റിനിര്‍ത്തി തനതു കലാരൂപത്തിന്റെ പ്രസക്തി കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം നൃത്താധ്യാദ്ധ്യാപകരും രംഗത്തുവന്നു. സര്‍ക്കാരിന് പരാതിയും നല്‍കി.
കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഒഴിവാക്കല്‍, നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറയ്‌ക്കല്‍, സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി കലോത്സവം നടത്തല്‍ തുടങ്ങിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഈ വര്‍ഷം മുതല്‍ പരിഷ്‌കരിച്ചമാന്വല്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ഘോഷയാത്രയ്‌ക്ക് പകരം ഉദ്ഘാടന വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യവിരുന്ന് ഒരുക്കും. വിദ്യാര്‍ത്ഥികളെ വെയിലത്ത് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ കണക്കിലെടുത്താണിത്. കഥകളി സിംഗിളും ഗ്രൂപ്പും നാടോടിനൃത്തവും കഥാപ്രസംഗവും സംഘഗാനവും ഇനി പൊതുമത്സരങ്ങളായിരിക്കും. എ ഗ്രേഡ് കിട്ടിയവര്‍ക്ക് ഒറ്റത്തവണ സാംസ്‌ക്കാരിക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്ല. പകരം എ, ബി, സി എന്ന തരത്തില്‍ ഗ്രേഡുകളായിരിക്കും.
















