മാനന്തവാടി: മാനന്തവാടിയില്‍ രണ്ട് കോടിയുടെ മയക്ക് മരുന്ന് വേട്ട. ഒരു കിലോ ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശിയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ് സിങ്(42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍(56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട്ടില്‍ അശോകന്‍(45), കാസര്‍കോട് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍(47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട്ടില്‍ ഷൈജു (37) എന്നിവരാണ് പിടിയിലായത്.
അന്തര്‍ സംസ്ഥാന ലഹരിവില്‍പ്പന ഇടനിലക്കാരനും സംസ്ഥാനത്ത് ലഹരിവില്‍പ്പനയുടെ കണ്ണികളായ വരുമാണ് പിടിയിലായവര്‍. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ബി കൃഷ്ണക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ്, മാനന്തവാടി ഡിവൈഎസ്പി, സിഐ, എസ്‌ഐ, അഡി.എസ്‌ഐ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വ്യാഴാഴ്‌ച്ച വൈകുന്നേരം മാനന്തവാടി കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം എരുമത്തെരുവിലെ ലോഡ്ജിന് സമീപമെത്തി സംഘാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഹെറോയിന്‍ വാങ്ങാനെത്തുമെന്ന് സൂചനയുണ്ടായിരുന്ന റഫീക്ക്, ബിജുലാല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെയും മറ്റ് കണ്ണികളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ലഹരി മരുന്ന് ആദ്യം ബ്രൗണ്‍ഷുഗറാണെന്ന് സംശയമുയര്‍ന്നെങ്കിലും പിന്നീട് നടത്തിയ വിശമായ പരിശോധനയില്‍ ഹെറോയിനാണെന്ന് വ്യക്തമാകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















