കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ആക്രിസാധനങ്ങളുടെ മറവില്‍ കോടിക്കണക്കിന് രൂപവില വരുന്ന ഇരുമ്പ് സാമഗ്രികള്‍ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. കപ്പല്‍ശാലയിലെ മെറ്റീരിയല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍, ആക്രിസാധനങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത സ്ഥാപനത്തിന്റെ ഉടമ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇവര്‍ക്കെതിരെ കേസെടുത്തതായാണ് സൂചന.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ കപ്പല്‍ശാലയിലെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വേദിയൊരുക്കാനായി കപ്പല്‍ശാലയിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ മാറ്റാന്‍ കരാര്‍ നല്‍കി. എന്നാല്‍, മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി കപ്പല്‍ശാലയിലെ പരിപാടി റദ്ദാക്കി. ഇതിനിടെ ആക്രിസാധനങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്ത സ്ഥാപനം, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
ആക്രി സാധനങ്ങള്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ മറവില്‍ 321 ലോഡ് ഇരുമ്പ് സാമഗ്രികള്‍ കപ്പല്‍ശാലയില്‍നിന്ന് പുറത്തുകടത്തിയെന്നാണ് വിവരം. രണ്ടുകോടിയോളം രൂപ വിലവരുന്ന ഇരുമ്പ് സാമഗ്രികള്‍ക്ക് രേഖകളില്‍ ഒന്നരലക്ഷം രൂപ കാണിച്ചായിരുന്നുതട്ടിപ്പ്. കപ്പല്‍ ശാലയിലെ ഒരു ഉദ്യോഗസ്ഥന് മാത്രമായി ഇത്തരം തിരിമറി നടത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.
















