കോഴിക്കോട്: നന്തി – ചെങ്ങോട്ടുകാവ് പുതിയ ബദല്‍ റോഡ് നിര്‍മ്മിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് ബൈപ്പാസ് വിരുദ്ധ കര്‍മ്മസമിതി, ശ്രദ്ധ സാമൂഹ്യപാഠശാലാ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുളള റോഡ് വീതി കൂട്ടി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ജനപ്രതിനിധികള്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.
ദേശീയപാത വികസനത്തിനായി 1970 ല്‍ തന്നെ പ്രദേശത്തെ കെട്ടിടഉടമകള്‍ക്കും ഭൂഉടമകള്‍ക്കും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് നോട്ടീസ് നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ വിഞ്ജാപനം നിലനില്‍ക്കെയാണ് അധികൃതരും രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് പുതിയൊരു ബദല്‍ റോഡ് നിര്‍മിക്കാന്‍ തയ്യാറാക്കുന്നത്. ഇതിന് പിന്നില്‍ ചില രാഷ്‌ട്രീയ താല്‍പര്യങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു.
നിലവിലെ റോഡ് വികസനം നടന്നാല്‍ 40 വീടുകള്‍ നഷ്ടടമാകും. എന്നാല്‍ ബദല്‍ റോഡ് പന്തലായനി വഴി വരുന്നതോടെ 600 വീടുകള്‍, അഞ്ച് കുന്നുകള്‍, അഞ്ച് പാടശേഖരങ്ങള്‍, എട്ട് കുളങ്ങള്‍ തുടങ്ങിയവയും ഒരു സ്‌കൂളും തകരുമെന്നും ഇവര്‍ ആരോപിക്കുന്നു. പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി 22ന് കൊയിലാണ്ടിയില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കല്പറ്റ നാരായണന്‍, രാമദാസ് തൈക്കണ്ടി, എന്‍.വി. ബാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















