ഇരിട്ടി: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വായ്‌പയെടുത്ത എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് എഡ്യുക്കേഷണല്‍ ലോണേഴ്‌സ് വെല്‍ഫേര്‍ അസ്സോസ്സിയേഷന്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയായി നിശ്ചയിച്ചെങ്കിലും മാസത്തില്‍ ഇരുപതിനായിരം രൂപ വരുമാനമുള്ളവര്‍ക്കു ആനുകൂല്യം ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2017 ജനുവരി വരെ തിരിച്ചടവ് തുടരേണ്ട എല്ലാ വായ്‌പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയപരിധി മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്‍കണം. വരുമാനപരിധിയിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു രക്ഷിതാക്കള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജോയി കണ്ടത്തിക്കുടിയില്‍, ബേബി കാഞ്ഞിരത്തിങ്കല്‍, കെ.ആര്‍.രഘു, ടി.കെ.പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















