പാറ്റ്ന: ശൗചാലയത്തിനായുള്ള സ്ത്രീയുടെ പോരാട്ടത്തില്‍ വീണ്ടുമൊരു വിജയഗാഥ. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് ഭര്‍ത്താവിന്റെ അച്ഛനേയും സഹോദരനേയും പോലീസ് സ്റ്റേഷന് വരെയെത്തിച്ച് ഒരു യുവതി ശൗചാലയം എന്ന ആവശ്യം നേടിയെടുത്തത്.
ഈ യുവതിയെ മുസാഫര്‍പുര്‍ ജില്ലയിലെ ചീഗന് നുവേര ഗ്രാമത്തിലേക്കു വിവാഹം കഴിച്ചു കൊണ്ടു വന്നതാണ്. ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് അവിടെ ശൗചാലയമില്ല എന്നറിയുന്നത്. ഭര്‍ത്താവിന് തമിഴ്നാട്ടിലാണ് ജോലി. ശൗചാലയമില്ലാത്ത അവസ്ഥയോടു പ്രതിഷേധിച്ച് യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവ് അവധിക്കു വരുമ്പോള്‍ വീണ്ടും തിരിച്ചെത്തും. മടങ്ങുമ്പോള്‍ വീണ്ടും സ്വന്തം വീട്ടിലേക്ക്.
വീട്ടില്‍ ശൗചാലയം നിര്‍മിക്കണം എന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടു സ്വീകരിച്ചത് ഭര്‍ത്താവിന്റെ അച്ഛനും സഹോദരനുമാണ്. ഭര്‍ത്താവിന്റെ വീട്ടിലേക്കും സ്വന്തം വീട്ടിലേക്കുമുള്ള ഓട്ടം മടുത്തപ്പോള്‍ മുസാഫര്‍പുരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്കി. സ്റ്റേഷന് ഓഫിസര്‍ ജ്യോതി, ഭര്‍ത്താവിന്റെ അച്ഛനേയും സഹോദരനേയും വിളിച്ചു വരുത്തി.
എത്രയും പെട്ടെന്ന് ശൗചാലയം നിര്‍മിക്കാമെന്ന് അവര്‍ ഉറപ്പു നല്കി. ഇത് രേഖാമൂലം എഴുതി നല്‍കാനുള്ള സ്റ്റേഷന് ഓഫിസറുടെ നിര്‍ദേശവും അവര്‍ അംഗീകരിച്ചു. ഇതോടെ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങാമെന്ന് യുവതിയും ഉറപ്പു നല്കി. പരാതിയും പിന്‍വലിച്ചു.
















