തിരുവനന്തപുരം സംസ്കൃതി ഭവനില്‍ പി. പരമേശ്വരന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചശേഷം അദ്ദേഹത്തോട് കുശലം പറയുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ സമീപം
തിരുവനന്തപുരം: കേരളത്തിലെ ആധുനിക ഹിന്ദുനവോത്ഥാന രംഗത്തെ ദാര്‍ശനിക ആചാര്യനായ പി. പരമേശ്വരന്റെ പിറന്നാളിന് ആശംസകളുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തി.
കേരളത്തിലെ സാംസ്കാരിക ചിന്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ദേശീയവാദികള്‍, അക്കാദമിക വിദഗ്ധര്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചവര്‍ വിചാരകേന്ദ്രത്തിലേക്കെത്തി.
കന്നിയിലെ തിരുവോണ ദിനമായ ഇന്നലെ നൂറുകണക്കിന് പേരാണ് കാവി ധരിക്കാത്ത സന്ന്യാസിക്ക് മുന്നില്‍ കൂപ്പുകൈകളോടെ എത്തിയത്.
ആര്‍എസ്സിന്റെയും പരിവാറിന്റെയും നേതാക്കള്‍ വിചാരകേന്ദ്രത്തില്‍ സന്നിഹിതരായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പിറന്നാള്‍ സദ്യയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കിരണ്‍, അനന്തപുരം ഹിന്ദു മഹാസമ്മേളനം ഡയറക്ടര്‍ എം. ഗോപാല്‍, ബിജെപി സംസ്ഥാന മാധ്യമവിഭാഗം തലവന്‍ ഹരി എസ്. കര്‍ത്ത, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം പരമേശ്വര്‍ജിയും ഭക്ഷണം കഴിച്ചു.
1927 ഒക്ടോബര്‍ പത്താം തിയതി, കൊല്ലവര്‍ഷം 1102 കന്നി മാസത്തിലെ തിരുവോണ നാളില്‍ ചേര്‍ത്തല ചാരമംഗലം താമശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന് ഇളയതിന്റെ മൂന്നാമത്തെ മകനായാണ് പി. പരമേശ്വരന് ജനിച്ചത്.
വിചാരകേന്ദ്രം നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങള്‍ നടന്നുവരികയാണ്.
















