തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്കായി തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഒ രാജഗോപാല്‍ എംഎല്‍എയില്‍ നിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍ എസ് വിമല്‍ ‘ജനരക്ഷാ ഗീതികള്‍’ ഏറ്റുവാങ്ങി.
ശരത് വയലാര്‍, അനില്‍ പനച്ചൂരാന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ എന്‍ ആര്‍ മധു എന്നിവരാണ് ജനരക്ഷാ ഗീതികള്‍ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകന്‍ ജെയ്‌സന്‍ ജെ നായരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. മധു ബാലകൃഷ്ണന്‍, അനൂപ് ശങ്കര്‍, അര്‍ച്ചന, വിഷ്ണു, ശ്രീജിത് എന്നിവര്‍ പാടിയിട്ടുണ്ട്. ബിജെപി മാദ്ധ്യമ വിഭാഗമാണ് ആല്‍ബം പുറത്തിറിക്കിയത്. സുരേഷ് ഗോപി എംപിയാണ് ആമുഖം അവതരിപ്പിക്കുന്നത്.
പ്രണയം നടിച്ച് ജിഹാദ് എന്ന് തുടങ്ങുന്ന അനില്‍ പനച്ചൂരാന്‍ രചിച്ച ഗാനം സംസ്ഥാനത്ത് ലവ് ജിഹാദിനെതിരെ രചിക്കപ്പെട്ട ആദ്യ ഗാനമാണ്. കൊലപാതക രാഷ്‌ട്രീയത്തിനെതിരെയാണ് ശരത് വയലാറിന്റെ ഒരു ഗാനം. ജാഥയുടെ മാര്‍ച്ചിംഗ് ഗാനം എഴുതിയിരിക്കുന്നതും ശരത് വയലാറാണ്.
സംസ്ഥാന വക്താവ് എംഎസ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മാദ്ധ്യമവിഭാഗം കോര്‍ഡിനേറ്റര്‍ ആര്‍ സന്ദീപ്, ജെആര്‍ പത്മകുമാര്‍, അഡ്വ എസ് സുരേഷ്, ഹരി എസ് കര്‍ത്താ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരിപാടിയില്‍ പങ്കെടുത്തു. ജെ നന്ദകുമാര്‍ രചിച്ച ഒരു കവിത ഉള്‍പ്പടെ 7 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.
















