ഹൈദരാബാദ്: പെണ്‍കുട്ടികളെയടക്കം വിദേശത്തേക്ക് കടത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഹൈദരാബാദ് പോലീസിനെ കൊണ്ടെത്തിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ 200 വിവാഹങ്ങള്‍ക്ക് കാര്‍മികനായ വ്യാജ ഖാസി അറസ്റ്റില്‍. ഹൈദരാബാദില്‍ ഖാസിയായി പ്രവര്‍ത്തിച്ചിരുന്ന അലി അബ്ദുള്ള റഫായിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഈ വിവാഹങ്ങളെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മുഹമ്മദ് താജുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി. പെണ്‍കുട്ടികളെ അറബികള്‍ക്കും വിവാഹം ചെയ്തു നല്‍കി. ദമ്പതിമാര്‍ക്ക് അലി നല്‍കിയ വഖഫ് ബോര്‍ഡിന്റെ വിവാഹ സാക്ഷ്യപത്രം വ്യാജമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം, അലിക്ക് വഖഫ് ബോര്‍ഡുമായി ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ഖാസി സ്ഥാനത്തു നിന്ന് നീക്കിയതാണെന്നും എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലെന്നും അവര്‍ പറഞ്ഞു.
അലിക്ക് വിവാഹ സാക്ഷ്യപത്രങ്ങള്‍ അനുവദിച്ചിട്ടില്ല. ഇയാളുടെ അച്ഛന്‍ 2013ല്‍ മരിക്കുന്നതു വരെ ഖാസിയായിരുന്നു. അതിനു ശേഷം അലി സ്വയം ഖാസിയായി അവരോധിച്ചു. എന്നാല്‍, അടുത്ത ദിവസം സര്‍ക്കാര്‍ ഉത്തരവിലൂടെ നടപടി അസാധുവാക്കി. അച്ഛന്റെ കൈവശമിരുന്ന വിവാഹ സാക്ഷ്യപത്രങ്ങളാണ് അലി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഖാസി മരിച്ചാല്‍ ഇത്തരം രേഖകളൊന്നും തിരിച്ചു വാങ്ങുന്ന പതിവില്ലെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, തെലങ്കാനയില്‍ 80 പേര്‍ പിന്തുടര്‍ച്ചാവകാശമനുസരിച്ച് ഖാസിമാരായി. ഇവര്‍ക്ക് പിന്നീട് സര്‍ക്കാര്‍ നിയമന ഉത്തരവും നല്‍കി. ഇതിന്റെ മറപിടിച്ചാണ് അലിയെ പോലുള്ള സ്വയംപ്രഖ്യാപിത ഖാസിമാരുടെ രംഗപ്രവേശം. ഹൈദരാബാദിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും ഇത്തരത്തില്‍ നിരവധി പേരുണ്ട്. അവര്‍ നിയമവിരുദ്ധമായി വിവാഹം നടത്തിക്കൊടുത്തതിന്റെ വിവരം ലഭിച്ചുവെന്നും അന്വേഷണം തുടങ്ങിയെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, കേസില്‍ മുംബൈയിലെ മുഖ്യ ഖാസി ഫരീദ് അഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹൈദരാബാദ് പോലീസ് സംഘം മുംബൈയിലെത്തി.
















