ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അപകട നില തരണം ചെയ്ത ആലപ്പുഴ സ്വദേശിനിയായ യുവതി എയിംസില്‍ ചികിത്സയിലാണ്. നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സമരം ആരംഭിച്ചു.
ദല്‍ഹി സര്‍ക്കാരിന്റെ വസന്ത്കുഞ്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലെയറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കരാര്‍ ജീവനക്കാരിയായിരുന്നു യുവതി. മാനേജ്‌മെന്റിന്റെ തൊഴില്‍ പീഡനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവതിയെ പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് ശുചിമുറിയില്‍ കയറി ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് നൂറോളം നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഡ്യൂട്ടി കഴിഞ്ഞ നഴ്‌സുമാര്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി സമരത്തിന്റെ ഭാഗമാകുന്നത് തടയാനും മാനേജ്‌മെന്റ് ശ്രമിച്ചു. പിരിച്ചു വിട്ടവരെ തിരികെ എടുക്കുന്നതു വരെ ആരും ജോലിക്ക് കയറില്ലെന്ന് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
















