കൊച്ചി: മഹാനവമി ദിനമായ ഇന്ന് കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും നടക്കും. അക്ഷരദേവതയ്‌ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്‌ക്ക് സമര്‍പ്പിച്ചു.
ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്നലെ വൈകിട്ടാണ് പൂജവയ്‌പ് ചടങ്ങ് നടന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലും ദുര്‍ഗാഷ്ടമി പൂജവയ്‌പ്പ് നടന്നു. ഇതിനോട് അനുബന്ധിച്ച് അക്ഷരസന്ദേശം വിദ്യാര്‍ത്ഥികളുടേയും അമ്മമാരുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തില്‍ അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവ നടന്നു.
വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍നിന്നും സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്‌കൂളില്‍ നിന്നും ആരംഭിച്ച ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്രകള്‍ ഇന്നലെ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയിലെ ദക്ഷിണ മൂകാംബി സരസ്വതി മണ്ഡപത്തില്‍ എത്തി.
പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാമന്ദിരത്തിലേയുംയും പനച്ചിക്കാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലേയും സ്വീകരണമേറ്റ് വാങ്ങി 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിചേര്‍ന്നു.
തുടര്‍ന്ന് സരസ്വതി സന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജവച്ചു.
നാളെ നടക്കുന്ന വിദ്യാരംഭത്തിന് പങ്കെടുക്കുന്നതിനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കും പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലേക്കും ഭക്തജന പ്രവാഹം ആരംഭിച്ചു കഴിഞ്ഞു. വിജയദസമി ദിനമായ നാളെ വിദ്യാദേവതയുടെ മുന്നില്‍ ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.
രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്‌ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നതെന്നാണ് ഐതീഹ്യം.
















