ദമാമില്‍ ആറു മാസമായി ആഹാരവും ശമ്പളവുമില്ലാതെ കഴിഞ്ഞ തൊഴിലാളികള്‍ക്ക് പാലിയേറ്റീവ് ജി ല്ലാ കോ-ഓര്‍ഡിനേറ്റര്‍ പുളിമൂട്ടില്‍ ഉണ്ണിയുടെ നേതൃത്വത്തില്‍ യാത്രാ രേഖകള്‍ കൈമാറുന്നു
തിരുവനന്തപുരം: സൗദിഅറേബ്യയില്‍ ആറുമാസമായി ആഹാരവും ശമ്പളവും ലഭിക്കാതെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ ക്യാമ്പില്‍ കഴിയുകയായിരുന്ന ഏഴു പേര്‍ക്ക് തിരുവനന്തപുരം പാലിയേറ്റീവ് കെയര്‍ യൂണിറ്റും സൗദിയിലെ പുതുജീവന്‍ ഫൗണ്ടേഷനും തുണയായി. കളിയിക്കാവിള, മാര്‍ത്താണ്ഡം സ്വദേശികളായ പ്രതാപ്, സുബിന്‍, സുജിന്‍ സുന്ദരം, വിനു അല്‍ഫോണ്‍സ്, ഷൈജു, ഷാജി, ജസ്റ്റിന്‍ എന്നിവര്‍ക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ കരുണ ലഭിച്ചത്.
മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍ കോണ്‍ട്രാക്ടേഴ്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇവര്‍ ദമാം ഏര്യയില്‍ എത്തിയത്. തുടര്‍ന്ന് മന്‍സൂര്‍ എന്ന പുതിയ കമ്പനി ആരംഭിച്ച് ഇവരെ അതിലേക്ക് മാറ്റി. ഈ കമ്പനിയില്‍ ഇവരെ ആറുമാസത്തോളം ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ച് ആഹാരം നല്‍കാതെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
പാലിയേറ്റീവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പുളിമൂട്ടില്‍ ഉണ്ണിയുടെ ശ്രദ്ധയില്‍ വിഷയം പെട്ടതിനെ തുടര്‍ന്ന് സൗദിയിലെ കാരുണ്യസംഘടനയായ പുതുജീവന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എംബസിവഴി വിസയും പാസ്‌പോര്‍ട്ടും തിരികെ ലഭിച്ചു. ബുധനാഴ്ച രാത്രി 9 മണിക്കുള്ള ദമാം-മസ്‌കറ്റ്-ട്രിവാന്‍ഡ്രം ഫ്‌ളൈറ്റില്‍ കയറ്റി വിട്ടു.
















