ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നിയമവിരുദ്ധമായി കയ്യേറി നികത്തിയ മാര്‍ത്താണ്ഡം കായല്‍നിലം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. കായല്‍ സംരക്ഷണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തടം സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം തുടങ്ങി പതിനേഴില്‍പ്പരം നിയമങ്ങളാണ് തോമസ് ചാണ്ടി ലംഘിച്ചതെന്ന് പിന്നീട് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് മന്ത്രി നടത്തിയിരിക്കുന്നത്. രാജ്യദ്രോഹത്തിന് മന്ത്രിക്കെതിരെ കേസ് എടുക്കണം. എന്നാല്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചാണ്ടിയെ സംരക്ഷിക്കുകയാണ്. മൂലധന ശക്തികള്‍ക്കൊപ്പമാണ് സിപിഎം. മണ്ണും, ജലവും, അന്നവും, പൈതൃകമൂല്യങ്ങളും സമ്പന്നര്‍ക്ക് തീറെഴുതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരും.
മന്ത്രി രാജിവയ്‌ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വനീദേവ്, എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തോമസ് ചാണ്ടി കയ്യേറി നികത്തിയ പ്രദേശങ്ങള്‍ പ്രതീകാത്മകമായി പിടിച്ചെടുത്ത് തേങ്ങയിട്ട് ആര്‍ഡിഒയ്‌ക്ക് നല്‍കി.
















