ബെംഗളൂരു: ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകളായി. ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ നായകന്‍ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ചാണ് ഉമേഷ് യാദവ് വിക്കറ്റുകളുടെ സെഞ്ചുറി നേടിയത്. രണ്ടാം സ്‌പെല്ലിലെ രണ്ടാം ഓവറിലാണ് സ്മിത്തിനെ വീഴ്‌ത്തിയത്. തൊട്ടുമുമ്പത്തെ ഓവറില്‍ ഓപ്പണര്‍ ഫിഞ്ചിനെ മടക്കി ഉമേഷ് 99 വിക്കറ്റിലെത്തി. മത്സരത്തില്‍ 71 റണ്‍സിന് ഉമേഷ് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി.
ഏകദിന ക്രിക്കറ്റില്‍ നൂറു വിക്കറ്റ് നേട്ടം കൊയ്യുന്ന പതിനേഴാമത്തെ ഇന്ത്യന്‍ ബൗളറാണ് ഉമേഷ്. ഒമ്പതാമത്തെ ഇന്ത്യന്‍ പേസറും. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ്. 229 മത്സരങ്ങളില്‍ ശ്രീനാഥ് 315 വിക്കറ്റുകള്‍ നേടി.
















