ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച് പരമ്പര നേടിക്കഴിഞ്ഞ ഇന്ത്യ ഇന്ന് നാലാം പോരിനിറങ്ങുന്നു. ഇന്നും ജയിച്ചാല്‍ തുടര്‍ച്ചയായ 10 ഏകദിന വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നു. നിലവില്‍ 9 വിജയങ്ങള്‍ നേടിയ ധോണിക്കൊപ്പമാണ് വിരാട്. അതേസമയം അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു ഓസീസ്. ഇതുപോലൊരു ദുര്‍ഗ്ഗതി അടുത്തകാലത്തൊന്നും കംഗാരുക്കള്‍ നേരിട്ടിട്ടില്ല.
ഇന്ത്യന്‍ താരങ്ങള്‍ എല്ലാം മികച്ച ഫോമിലാണെന്നത് ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രഹാനെയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഒപ്പം കോഹ്‌ലിയും ഹാര്‍ദിക് പാണ്ഡ്യയും മനീഷ് പാണ്ഡെയും ധോണിയും നല്ല ഫോമിലാണ്. കേദാര്‍ ജാദവ് മാത്രമാണ് നിരാശപ്പെടുത്തുന്നത്. ഭുവനേശ്വര്‍ നയിക്കുന്ന പേസര്‍മാരും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അടങ്ങുന്ന സ്പിന്നര്‍മാരും കംഗാരുക്കളെ കെണിയിലാക്കുന്നു.
മറുവശത്ത് ഓസ്‌ട്രേലിയക്ക് അതിജീവനത്തിന്റെ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ച് മടങ്ങിയെത്തിയതോടെ ബാറ്റിങ്‌നിരയുടെ കരുത്തു കൂടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ ഇന്ന് നൂറാം ഏകദിനത്തിന് ഇറങ്ങുമെന്നതും പ്രത്യേകത. എന്നാല്‍ മികച്ച തുടക്കം കിട്ടിയിട്ടും അത് വിജയത്തിലേക്ക് എത്തിക്കുന്നതില്‍ പിഴക്കുന്നതാണ് തിരിച്ചടിയാകുന്നത്. മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതാണ് സ്മിത്തിനെയും കൂട്ടരെയും ബുദ്ധിമുട്ടിലാക്കുന്നത്. അതേസമയം സ്പിന്നര്‍ ആഷ്ടണ്‍ അഗറിന്റെ അഭാവം ബൗളിങ് ആക്രമണത്തെ ബാധിക്കും. അഗറിന് പകരം ആദം സാംബ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കും.
















